Complaint | 'കുമ്പള പഞ്ചായതിന്റെ തനത് തുകയിൽ നിന്നും ഉദ്യോഗസ്ഥരുടെ പേരിൽ ഇരട്ട ശമ്പളം എഴുതിയെടുത്ത് അടിച്ചുമാറ്റി അക്കൗണ്ടന്റ്'; 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി സൂചന
പണം തട്ടിയത് 2 മാസം മുമ്പ് ഭരണസമിതി സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥൻ
കുമ്പള: (KasargodVartha) കുമ്പള ഗ്രാമപഞ്ചായതിന്റെ തനത് തുകയിൽ നിന്നും ഉദ്യോഗസ്ഥരുടെ പേരിൽ ഇരട്ട ശമ്പളം അകൗണ്ടന്റ് എഴുതിയെടുത്ത് അടിച്ചുമാറ്റിയതായി പരാതി. പാലക്കാട് സ്വദേശിയും അകൗണ്ടന്റുമായ എം രമേശ് ആണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് ആരോപണം. എട്ട് മാസം മുമ്പാണ് എം രമേശ് പഞ്ചായതിൽ അകൗണ്ടന്റ് ആയി എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയ തുക തട്ടിയെടുത്തത് സെക്രടറിയുടെ യൂസർ ഐഡിയും പാസ്‌വേഡും സൂത്രത്തിൽ കൈക്കലാക്കിയെന്നാണ് വിവരം.
ആദ്യത്തെ ശമ്പളം ജീവനക്കാർക്ക് നൽകുകയും രണ്ടാമത്തെ ശമ്പളം യുവാവിന്റെ ബന്ധുക്കളുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഒരു കരാറുകാരന്റെ മൂന്ന് ലക്ഷം രൂപയുടെ ബിൽ തുകയും ഇയാൾ മാറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലിയുടെ കാര്യത്തിൽ അലംഭാവം കാട്ടിയതിന്റെ പേരിൽ ഇയാളെ ഭരണസമിതി യോഗം രണ്ട് മാസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.
ഇയാൾ നടത്തിവന്ന ഇടപാടുകൾ എല്ലാം പരിശോധിച്ചപ്പോഴാണ് ആദ്യം അഞ്ച് ലക്ഷം രൂപയുടെ കൃത്രിമം കണ്ടെത്തിയതെന്നും വിശദമായ പരിശോധനയിലാണ് 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായതെന്നും പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ യൂസഫ് ഉളുവാർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടത്താൻ പഞ്ചായത് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് പഞ്ചായത് സെക്രടറി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത് ഭരണസമിതിയുടെ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ശമ്പള ബിൽ തയ്യാറാക്കുന്ന കാര്യത്തിൽ സെക്രടറി ഇയാളെ വിശ്വസിച്ച് യൂസർ ഐഡിയും പാസ്‌വേഡും കൈമാറിയതാണ് തട്ടിപ്പിന് വഴിയൊരുക്കിയതെന്നാണ് വിവരം.
അതേസമയം തട്ടിപ്പിൽ ഭരണസമിതി അലംഭാവം കാട്ടിയെന്ന ആരോപണവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നിട്ടുണ്ട്. പഞ്ചായത് സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുമ്പോൾ പഞ്ചായത് അധികൃതരുടെ ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നും ബിജെപി ആരോപിക്കുന്നു. ഭരണസമിതി യോഗം ഉടൻ വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾ സെക്രടറിയോട് ആവശ്യപ്പെട്ടു. പഞ്ചായത് അംഗങ്ങളായ വിദ്യ എൻ പൈ, പ്രേമാവതി, വിവേകാനനു ഷെട്ടി, പി പുഷ്പലത, എസ് പ്രേമലത, കെ മോഹന എന്നിവർ ചേർന്നാണ് നോടീസ് നൽകിയത്.