കുമ്പളയിൽ അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച; ഒന്നര മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ടത് 31.67 ലക്ഷം രൂപയുടെ സ്വർണവും പണവും
● വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ എത്തിയത്.
● വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് അകത്തു കടന്നത്.
● കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; വിരലടയാള വിദഗ്ധർ പരിശോധന നടത്തും.
● ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
● സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.
കുമ്പള: (KasargodVartha) നായിക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിൽ വൻ കവർച്ച. വെറും ഒന്നര മണിക്കൂറിനുള്ളിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തു അകത്ത് കടന്ന മോഷ്ടാക്കൾ 31,67,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നതായി വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ച (18-01-2026) വൈകിട്ട് 6.30 നും രാത്രി 8 മണിയ്ക്കിടയിലായാണ് കവർച്ച നടന്നത്. നായിക്കാപ്പ് മേന ഹൗസിൽ താമസിക്കുന്ന അഭിഭാഷക ചൈത്രയുടെ (25) വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഞായറാഴ്ച വൈകിട്ട് വീട് പൂട്ടി കുമ്പള കണ്ണിപുര ഗോപാലകൃഷണ ക്ഷേത്രത്തിൽ നടന്നു വരുന്ന ഉത്സവത്തിന് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രാത്രി തന്നെ ചൈത്ര കുമ്പള പോലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകി. സംഭവം അറിയിച്ചയുടൻ പോലീസ് എത്തി പ്രാഥമിക പരിശോധന നടത്തി. ചൈത്ര നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നഷ്ടപ്പെട്ടത് വൻ ശേഖരം
അലമാരയിൽ സൂക്ഷിച്ചിരുന്ന 29 മുക്കാൽ പവൻ സ്വർണാഭരണങ്ങൾ, 25,000 രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ, കൂടാതെ 5,000 രൂപ പണവും മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. സ്വർണ മാലകൾ, വളകൾ, കാതോല, ബ്രേസ്ലെറ്റ്, മോതിരങ്ങൾ, കുട്ടികളുടെ ആഭരണങ്ങൾ, വെള്ളിമാല, നാണയം എന്നിവയാണ് നഷ്ടപ്പെട്ടത്.
പോലീസ് അന്വേഷണം ഊർജ്ജിതം
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം 305, 331(4), 334(1) വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കവർച്ച കേസിന്റെ അന്വേഷണം കുമ്പള പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജേഷ് കെ.യുടെ നേതൃത്വത്തിൽ ആരംഭിച്ചു.
പ്രതികൾ ആരാണെന്നതിൽ നിലവിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സമീപത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു വരുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയോടെ പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക
Article Summary: A massive burglary occurred at an advocate's house in Kumbla, Kasaragod. Gold ornaments and cash worth ₹31.67 lakhs were stolen within 1.5 hours while the family was at a temple festival.
#Kumbla #Kasargod #Burglary #Theft #KeralaPolice #CrimeNews #GoldTheft






