സ്വിഫ്റ്റ് ബസ് ഡ്രൈവറെ ആക്രമിച്ച കേസ്: കോളജ് വിദ്യാർഥി അറസ്റ്റിൽ
● മൂകാംബിക - കൊട്ടാരക്കര റൂട്ടിലോടുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെയാണ് ആക്രമിച്ചത്.
● മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി.എം. അഹമ്മദ് നിയാസാണ് അറസ്റ്റിലായത്.
● ഔദ്യോഗിക കർത്തവ്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
● ഡ്രൈവർ ശ്യാംമോഹനെ കൈകൊണ്ട് നെഞ്ചിൽ ഇടിച്ചും അടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി.
മേൽപറമ്പ്: (KasargodVartha) മൂകാംബിക ക്ഷേത്രത്തിൽനിന്ന് കൊല്ലം കൊട്ടാരക്കരയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ കോളജ് വിദ്യാർഥിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ബെംഗളൂറിലെ കോളജ് വിദ്യാർഥിയും മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ പി.എം. അഹമ്മദ് നിയാസിനെയാണ് (22) മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക കർത്തവ്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച (06.12.2025) രാത്രി 10 മണിയോടെ കളനാട് മലബാർ കോഫി ഹൗസ് ഹോട്ടലിന് മുന്നിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തിയപ്പോഴായിരുന്നു ആക്രമണം.
ഡ്രൈവറെ മർദിച്ചു
താൽക്കാലിക രജിസ്ട്രേഷനിലുള്ള ബൈക്കിൽ പിന്നാലെയെത്തിയ അഹമ്മദ് നിയാസ് ആദ്യം ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ബസിൽനിന്ന് ഇറങ്ങിയ ഡ്രൈവർ ശ്യാംമോഹനെ (30) തടഞ്ഞുനിർത്തി കൈകൊണ്ട് നെഞ്ചിൽ ഇടിച്ചും അടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിന് ഇരയായ ശ്യാംമോഹൻ കൊട്ടാരക്കര കൊട്ടാത്തല മൈലം ഗ്രാമം അമ്പാടിഭവനം സ്വദേശിയാണ്.
ഡ്രൈവറെ മർദിക്കുന്നത് കണ്ട ആളുകള്‍ ഉടൻതന്നെ വിവരം മേൽപറമ്പ് പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നിയാസിനെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകാതെ ബസ് യാത്ര തുടർന്നു.
വിദ്യാർഥിയെ റിമാൻഡ് ചെയ്തു
ഞായറാഴ്ച (07.12.2025) രാവിലെ കൊട്ടാരക്കര ഡിപ്പോയിൽ എത്തിയ ശേഷമാണ് ഡ്രൈവർ ശ്യാം മോഹൻ ആശുപത്രിയിൽ ചികിത്സ തേടിയത്. അറസ്റ്റിലായ അഹമ്മദ് നിയാസിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി. തുടർന്ന് യുവാവിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചതായി പൊലീസ് അറിയിച്ചു.
പൊതുഗതാഗത ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിങ്ങളുടെ പ്രതികരണം എന്താണ്?
Article Summary: College student arrested for assaulting KSRTC Swift bus driver.
#KSRTC #BusDriverAssault #CollegeStudent #CrimeNews #Kasaragod #Keralapolice






