Attacked | 'മീറ്റർ സ്ഥാപിക്കുന്നതിലെ തർക്കം: കെഎസ്ഇബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം'; പരുക്കുകളോടെ ആശുപത്രിയിൽ
ചിറ്റാരിക്കാൽ: (KasargodVartha) മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കരാർ ജീവനക്കാരനായ തയ്യേനിയിലെ അരുൺ കുമാറിനാണ് (33) പരുക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4.30 മണിയോടെ നല്ലോംപുഴ മാരിപ്പുറത്ത് ജോസഫ് എന്ന ഉപഭോക്താവിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് സംഭവം.
മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്ഇബി ജീവനക്കാരെ അറിയിച്ചതായി പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടെ ജോസഫിന്റെ മകൻ സന്തോഷ് ജീപിലെത്തി അരുണിന്റെ ബൈകിന് പുറകിൽ ഇടിക്കുകയും വീണ അരുണിനെ ജാകി ലിവർ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ചെവിക്കും മൂക്കിനും പരുക്കേറ്റ അരുണിനെ കാഞ്ഞങ്ങാട്ടെ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഭാരതീയ ന്യായ സംഹിത (BNS) 109 വകുപ്പ് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.