Arrested | 'ബൈക്കില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു'; 2 പേര്‍ പിടിയില്‍
കോഴിക്കോട്: (www.kasargodvartha.com) ബൈകില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും ഉള്‍പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ പിടിയിലായതായി നടക്കാവ് പൊലീസ്. 19കാരനെയും പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് പറയുന്നത്: രാത്രി കാലങ്ങളില്‍ ഹോടെലുകളിലും മറ്റും പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് മടങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും, മൊബൈല്‍ ഫോണും ഉള്‍പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച നടത്തുന്നതാണ് ഇവരുടെ രീതി. ഇവര്‍ കവര്‍ച നടത്താന്‍ ഉപയോഗിച്ച മോടോര്‍ സൈക്ള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രാത്രി മാവൂര്‍ റോഡിന് സമീപം വച്ച് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന സെയ്ഫ് റാഫുല്‍ എന്ന പശ്ചിമ ബംഗാള്‍ കാരനെയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കവര്‍ച ചെയ്യപ്പെട്ടാല്‍ പൊലീസില്‍ പരാതിയുമായി പോവുന്നത് വളരെ കുറവാണെന്ന് മനസിലാക്കിയാണ് ഇത്തരക്കാരെ തെരഞ്ഞെടുക്കുന്നത് എന്നാണ് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.
മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാടമായി ജീവിക്കുന്നതിനുമാണ് ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചും, സൈബര്‍ സെലിന്റെ സഹായത്തോടെയുമാണ് കവര്‍ച കേസിലെ പ്രതികളെ പിടികൂടിയത്.
Keywords: Kozhikode, news, Kerala, Top-Headlines, arrest, Arrested, Police, Robbery, Crime, Kozhikode: Two arrested for robbery case.