Murder | 'മകൾക്ക് വസ്ത്രവുമായി വരാമെന്ന് പറഞ്ഞെത്തിയത് കത്തിയുമായി; കൊന്നത് അതേ മകളുടെ മുന്നിലിട്ട്; ഷിബിലയും യാസിറും വിവാഹിതരായത് പ്രണയിച്ച്, ഒടുവിൽ ദുരന്ത പര്യവസാനം'

● കൊലപാതകം തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും പരിക്ക്.
● യാസിർ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് നിഗമനം
● ഷിബിലയെ കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
കോഴിക്കോട്: (KasargodVartha) താമരശ്ശേരി ഈങ്ങാപ്പുഴയിൽ നോമ്പുതുറക്കുന്നതിനിടെ ഭാര്യയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറാതെ നാട്. പുതുപ്പാടി പഞ്ചായത്തിലെ യാസർ (30) ആണ് ഭാര്യയും ഈങ്ങാപ്പുഴ സ്വദേശിയുമായ ഷിബിലയെ (23) ദാരുണമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ യാസറിനെ പോലീസ് അഞ്ചു മണിക്കൂറിനുള്ളിൽ പിടികൂടി.
ചൊവ്വാഴ്ച രാത്രി വൈകി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് യാസിറിനെ പൊലീസ് പിടികൂടിയത്. ഭാര്യ മരിച്ച കാഷ്വാലിറ്റി വാർഡിന് സമീപം കാറിൽ ഇരിക്കുകയായിരുന്ന യാസിറിനെ താമരശ്ശേരി പോലീസിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കനത്ത സുരക്ഷയിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച യാസിറിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
യാസിറിന്റെ ലഹരി ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. നാലര വർഷം മുൻപാണ് ഷിബിലയും യാസറും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് മുൻപേ യാസിർ ലഹരിക്ക് അടിമയായിരുന്നുവെന്നും ഇതാണ് ഇവരുടെ വിവാഹത്തെ ഷിബിലയുടെ വീട്ടുകാർ എതിർക്കാൻ കാരണമെന്നും ബന്ധുക്കൾ പറയുന്നു. യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും സഹിക്കവയ്യാതെ ഷിബില ഒരു മാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.
അടുത്തിടെ താമരശ്ശേരിയിൽ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആഷിക് അഷ്റഫുമായി യാസിറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് വയസ്സുകാരിയായ മകൾക്ക് പെരുന്നാൾ വസ്ത്രവുമായി വരാമെന്ന് പറഞ്ഞാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. എന്നാൽ, യാഥാർത്ഥ്യത്തിൽ അയാൾ എത്തിയത് ഭാര്യയെ കൊലപ്പെടുത്താനുള്ള ആയുധവുമായാണ്.
നോമ്പുതുറക്കുന്ന സമയത്താണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് യാസിർ കത്തി കുത്തിയിറക്കുകയായിരുന്നു. ഈ സമയം മൂന്ന് വയസുമാത്രം പ്രായമുള്ള മകൾ ഇഷ്വ ഐറിൻ സംഭവത്തിന് ദൃക്സാക്ഷിയായി. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും യാസിറിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അബ്ദുർ റഹ്മാന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഹസീന താമരശ്ശേരി താലൂക് ആശുപത്രിയിലും ചികിത്സയിലാണ്.
ഷിബിലയെ കൊലപ്പെടുത്തുമെന്ന് യാസിർ വാട്സ് ആപ്പിലൂടെ അടക്കം ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ഷിബിലയും വീട്ടുകാരും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 28-ന് പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ഷിബിലയുടെ കുടുംബം ആരോപിക്കുന്നു. കൊലപാതകം നടത്തിയ ശേഷം കാറിൽ തിരിച്ചുപോയ യാസിർ പൂനൂരിലെത്തി പെട്രോൾ അടിക്കുകയും പണം നൽകാതെ കടന്നുകളയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള ഷിബിലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
A man killed his wife in Thamaraserry. The husband, Yasir, was arrested by the police within five hours of the incident. The incident occurred while the family was breaking their fast during Ramadan.
#DomesticViolence, #Murder, #KeralaCrime, #Thamaraserry, #CrimeNews, #Arrested