മദ്യപിച്ച് മദിച്ചു: പരോൾ ലംഘിച്ച് കൊടി സുനി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
● ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്.
● കൊടി സുനിയെ കഴിഞ്ഞ ദിവസം രാത്രി കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
● കേസിലെ പ്രതികൾക്ക് മദ്യപിക്കാൻ അവസരമൊരുക്കിയതിന് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു.
● വിയ്യൂരിൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വർണം പൊട്ടിക്കൽ സംഘത്തിന് നേതൃത്വം നൽകി.
കണ്ണൂര്‍: (KasargodVartha) സെൻട്രൽ ജയിലിൻ്റെ സുരക്ഷാ സംവിധാനത്തിന് ഭീഷണിയായി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ. ഒഞ്ചിയത്തെ ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി.
വയനാട് മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ സുനി ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. മീനങ്ങാടി സി.ഐ.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21-നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ ലംഘിച്ച സുനിയെ കഴിഞ്ഞ ദിവസം രാത്രി വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു.
കേസിലെ പ്രതികൾ പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിച്ചെന്ന വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളാണ് അന്ന് കൂടെയുണ്ടായിരുന്നത്.
ഭക്ഷണം കഴിക്കാനായി കയറിയ കോടതിക്ക് സമീപത്തെ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് കണ്ടെത്തൽ. അന്നേ ദിവസം ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. ഈ സമയത്ത് പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യപിച്ചതായാണ് വിവരം.
ബിയർ മാത്രം ലഭിക്കുന്ന ഹോട്ടലിൽ വീര്യമേറിയ മദ്യമാണ് സുഹൃത്തുക്കൾ കൊടി സുനിക്കും സംഘത്തിനുമെത്തിച്ചത്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് ചോദ്യം ചെയ്ത ജയിൽ വാർഡനെ മർദ്ദിച്ചതിന് കൊടി സുനിക്കെതിരെ നേരത്തെ കേസുണ്ട്. സുരക്ഷാ വീഴ്ച ഒട്ടേറെയുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലേക്കാണ് കൊടി സുനിയെ മാറ്റിയത്.
വിയ്യൂർ ജയിലിൽ കിടക്കവെ മൊബൈൽ ഫോൺ ഉപയോഗിച്ച് കൊടി സുനി സ്വർണം പൊട്ടിക്കൽ സംഘത്തിന് നേതൃത്വം നൽകിയതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതു ചോദ്യം ചെയ്ത ജയിൽ വാർഡനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കൊടിയെയും സംഘത്തെയും വീണ്ടും കണ്ണൂരിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം പരോൾ ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുക്കാൻ പരോൾ വേണമെന്നായിരുന്നു ആവശ്യം. കൊലപാതകക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോൾ നൽകാനാകില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. കുഞ്ഞിന്റെ ജനന സമയത്തും പത്ത് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അണ്ണൻ സിജിത്ത്.
പരോളിൽ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു സിജിത്തിന്റെ വിവാഹവും പാർട്ടി നേതാക്കൾ നടത്തിക്കൊടുത്തത്. ടി.പി. കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിർമാണി മനോജ് എന്നിവരും പരോളിൽ ഇറങ്ങിയായിരുന്നു വിവാഹം കഴിച്ചത്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ പ്രതികൾക്ക് 1,000 ദിവസത്തിലേറെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കായിരുന്നു ആയിരത്തിലേറെ ദിവസം പരോൾ ലഭിച്ചത്.
കുന്നുംമ്മൽ രാമചന്ദ്രന് 1081, മനോജിന് 1068, അണ്ണൻ സിജിത്തിന് 1078 ദിവസം വീതം പരോൾ ലഭിച്ചിരുന്നു. ടി.കെ. രജീഷ് 940, മുഹമ്മദ് ഷാഫിക്ക് 656, കിർമാണി മനോജിന് 851, എം.സി. അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോൾ ലഭിച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് ടി.പി. വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട രീതിയിൽ പരോൾ അനുവദിക്കുന്നുവെന്ന ആരോപണവുമായി ആർ.എം.പി. നേതാവും വടകര എം.എൽ.എ.യുമായ കെ.കെ. രമ രംഗത്തുവന്നിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ! കൂടുതൽ ആളുകളിലേക്ക് എത്താൻ ഇത് ഷെയർ ചെയ്യൂ.
Article Summary: Kodi Suni's parole revoked for violating conditions.
#KodiSuni #ParoleViolations #KeralaNews #KannurJail #TPChandraShekaran #CrimeNews






