Arrested | വാടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരു കിലോ എംഡിഎംഎയുമായി യുവതി ആലുവയില്‍ പിടിയില്‍
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡെല്‍ഹിയില്‍ നിന്നുമാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്.
കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പനയെന്ന് പൊലീസ്.
കൊച്ചി: (KasargodVartha) ഒരു കിലോ എംഡിഎംഎയുമായി 26 കാരി പൊലീസ് പിടിയില്‍. ബെംഗ്‌ളൂറു സ്വദേശിനിയായ സര്‍മീന്‍ അക്തറിനെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വെച്ച് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്.
ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായായിരുന്നു നടപടി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.
ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡെല്‍ഹിയില്‍നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡെല്‍ഹിയില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനില്‍ത്തന്നെ തിരിച്ചു പോവുകയാണ് പതിവെന്നും കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പനയെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
കഴിഞ്ഞ വര്‍ഷം അവസാനം പറവൂരില്‍ നിന്ന് 850 ഗ്രാം എംഡിഎംഎ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.