city-gold-ad-for-blogger
Aster MIMS 10/10/2023

Organ Smuggling | 'സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം'; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍

Kochi: Organ trafficking racket agent arrested in Nedumbassery airport, Illegal, Organ Trade, Human, Kidney, Organ Smuggling, Agent

*20 ദാതാക്കളെ ഇന്‍ഡ്യയില്‍നിന്നും റിക്രൂട് ചെയ്തുവെന്ന് പ്രതിയുടെ മൊഴി. 

*കേസില്‍ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങി.

*താത്ക്കാലിക മേല്‍വിലാസത്തില്‍ എങ്ങനെ പാസ് പോര്‍ട് നേടിയെടുത്തുവെന്ന് അന്വേഷിക്കുന്നു.

*പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കും.

കൊച്ചി: (KasargodVartha) വിദേശത്തേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയിലായതായി പൊലീസ്. തൃശ്ശൂരില്‍ നിന്നുള്ള സബിത്ത് നാസര്‍ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇറാനില്‍നിന്ന് കുവൈത് വഴി കേരളത്തില്‍ എത്തിയപ്പോഴാണ് സബിത്ത് പിടിയിലായതെന്നാണ് വിവരം. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന ഞെട്ടിപ്പിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങി. 

പൊലീസ് പറയുന്നത്: അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം സംഘം നടത്തിവന്നിരുന്നത്. അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചു. 

സാധാരണക്കാരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തുകയാണ് സബിത്ത് ചെയ്യുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍നിന്ന് കുവൈതിലേക്കും പിന്നീട് ഇറാനിലേക്കും കൊണ്ടുപോകും. അവിടെ ഫരീദിഖാന്‍ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായിരിക്കുന്നത്.

ഇത്തരത്തില്‍ അവയവകടത്ത് കേസില്‍ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രതി ദാതാക്കളെ ഇറാനില്‍ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുത്തു. അവിടെ ഫരീദിഖാന്‍ ആശുപത്രിയില്‍ വൃക്ക മാറ്റി വയ്ക്കല്‍ നടപടികള്‍ക്കായി 20 ദാതാക്കളെ വരെ ഇന്‍ഡ്യയില്‍ നിന്നും റിക്രൂട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളില്‍ അല്ലെന്നും അവയവം മാറ്റിവയ്ക്കല്‍ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്‍ഡ്യന്‍ സംസ്ഥാനക്കാരെയെന്നുമാണ് ഇയാളുടെ കുറ്റസമ്മത മൊഴി. എന്നാല്‍ കേസില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യല്‍ വേണ്ടി വരും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ദാതാവ് ആകാന്‍ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവില്‍ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസര്‍ മൊഴി നല്‍കിയത്. 2019ല്‍ വൃക്ക നല്‍കി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ ദാതാക്കളെ ബന്ധപ്പെടുത്തി നല്‍കിയാല്‍ പണം വഴിയെ പോരുമെന്ന് മനസിലാക്കിയതോടെ ഇതിന്റെ കണ്ണിയായി. ദാതാവിന് പേരിന് മാത്രം പണം നല്‍കി സ്വീകര്‍ത്താവില്‍ നിന്ന് ഇരട്ടിയിലധികം തുക കൈപ്പറ്റിയാണ് മാഫിയസംഘങ്ങള്‍ ലാഭം കൊയ്യുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം വേണം.

2019ല്‍ തൃശ്ശൂര്‍ വലപ്പാട് ഇടമുട്ടത്ത് 10 ദിവസം മാത്രമാണ് സാബിത്ത് നാസര്‍ താമസിച്ചത്. എന്നാല്‍ അവിടം നാട്ടിലെ മേല്‍വിലാസമാക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തില്‍ വന്നും പോയുമിരുന്നു. കൂടുതല്‍ സമയവും ഇറാനിലാണ് താമസമാക്കിയത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേല്‍വിലാസം വഴി ഇയാള്‍ എങ്ങനെ പാസ് പോര്‍ട് നേടിയെടുത്തുവെന്നത് അന്വേഷിക്കുന്നുണ്ട്. 

അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നും പൊലീസ് അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് തന്നെയാണ് സൂചന. 

രാജ്യാന്തര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണോ എന്നതിലും പരിശോധന തുടങ്ങി. കേസില്‍ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജന്‍സികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച (20.05.2024) അങ്കമാലി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL