Investigation | ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ലഹരിമാഫിയ സംഘത്തിലെ 3 പേര്‍ കസ്റ്റഡിയില്‍; പീഡനശ്രമം നടന്നതായി സൂചന
എട്ടിലധികം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്
കാഞ്ഞങ്ങാട്: (KasaragodVartha) ഉറങ്ങിക്കിടന്ന 10 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ലഹരിമാഫിയ സംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസന്വേഷണത്തിന്റെ ഭാഗമായി എട്ടിലധികം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വീടിന്റെ അടുക്കള വാതില്‍ തുറന്നാണ് അക്രമികൾ അകത്ത് കടന്നതെന്നാണ് സംശയിക്കുന്നത്.
ഇവിടെ നിന്നും ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വായ പൊത്തിപിടിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. തന്നെ എടുത്തുകൊണ്ടുപോയയാള്‍ മാസ്‌ക് ധരിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മലയാളത്തിലായിരുന്നു സംസാരം. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ ദൂരെ കൊണ്ടുപോയാണ് കാതിലണിഞ്ഞിരുന്ന കമ്മല്‍ ഊരിയെടുത്ത് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിക്ക് നേരെ ലൈംഗിക പീഡനശ്രമം നടന്നതായി സംശയിക്കുന്നു. ഇതിന്റെ മെഡികല്‍ റിപോർട് പൊലീസിന് ഉടന്‍ ലഭിക്കും. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പോക്‌സോ ഉള്‍പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് വിവരം. പ്രദേശത്ത് ലഹരി ഉപയോഗം നടത്തിവന്ന എട്ടിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ സംശയമുള്ള മൂന്നുപേരെയാണ് വിശദമായി ചോദ്യം ചെയ്യുന്നത്.
13,000 രൂപ വിലവരുന്ന കമ്മലാണ് നഷ്ടപ്പെട്ടതെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മലുകള്‍ മോഷ്ടിച്ച സംഭവം കേരളമാകെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കുട്ടിക്ക് കഴുത്തിനും കണ്ണിനും പരിക്കുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് പീഡനശ്രമവും നടന്നതായി സൂചനയുള്ളത്.
കുടുംബത്തിന്റെ ദിനചര്യകള്‍ അറിയുന്ന ആരെങ്കിലുമാകാം ഇതിന് പിന്നിലെന്ന് തുടക്കം മുതല്‍ സംശയിച്ചിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ മൂന്ന് പശുക്കളെ കറക്കാന്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് എഴുന്നേറ്റുപോയത്. സിറ്റൗടിലെ വാതില്‍ ചാരിവെച്ചിരുന്നു. 3.30 മണിയോടെ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കാണാതായതായി മനസിലായി. ഉടന്‍ തന്നെ വീട്ടിലുള്ള മറ്റുള്ളവരെ വിവരമറയിച്ച് അന്വേഷിക്കുന്നതിനിടയിലാണ് 4.50 മണിയോടെ ഒരു കിലോമീറ്റര്‍ ദൂരെ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടി എത്തിപ്പെട്ട സ്ഥലത്തെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നത്. പിന്നീടാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.