Investigation | 'തന്നെ ഉപദ്രവിച്ചത് താടിയുള്ള മാമനെന്ന 10 വയസുകാരിയുടെ മൊഴി നിർണായകമായി; യുവാവ് കുടുങ്ങിയത് കർണാടകയിൽ നിന്ന്'; അറസ്റ്റ് രണ്ട് ദിവസത്തിനകം ഉണ്ടായേക്കും
പ്രതി നടന്നുപോകുന്ന സിസിടിവി ദൃശ്യം നേരത്തേ പുറത്ത് വന്നിട്ടുണ്ട്
കാഞ്ഞങ്ങാട്: (KasaragodVartha) ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയെ വീട്ടിൽ ഉറങ്ങികിടക്കവെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് 13,000 രൂപ വില വരുന്ന സ്വർണ കമ്മൽ ഊരിയെടുത്ത ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന കേസിൽ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞ കർണാടക സ്വദേശിയും കഴിഞ്ഞ 15 വർഷമായി പ്രദേശത്ത് താമസക്കാരനുമായ യുവാവ് പിടിയിലായത് കർണാടകയിൽ നിന്ന്.
ഇയാൾക്കെതിരെയുള്ള ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം രണ്ട് ദിവസത്തിനകം അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നൽകി. സംഭവത്തിന് ശേഷം പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസം മുമ്പ് തന്നെ യുവാവ് വലയിലായെങ്കിലും തെളിവുകൾ ശേഖരിക്കേണ്ടത് കൊണ്ട് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മുഖം മൂടി ധരിച്ച് മൂന്ന് ദിവസം മുമ്പ് തന്നെ പൊലീസ് ഒരാളെ സംഭവസ്ഥലത്ത് എത്തിച്ചിരുന്നുവെങ്കിലും അത് തങ്ങൾ അന്വേഷിക്കുന്ന യുവാവ് അല്ലെന്നും സംശയമുള്ള മറ്റൊരാളെന്നുമാണ് ഇപ്പോഴത്തെ പൊലീസ് ഭാഷ്യം.
താടിയുള്ള മാമനാണ് തന്നെ ഉപദ്രവിച്ചതെന്ന പെൺകുട്ടിയുടെ മൊഴിയും പ്രതിയെ തിരിച്ചറിയുന്നതിന് നിർണായകമായി. ഇയാൾ സ്വന്തം നാട്ടിൽ മുമ്പ് സമാനമായൊരു പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മദ്യപിച്ച് വന്ന് ഭാര്യയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് ആരോപണമുള്ള യുവാവിനെ കുറിച്ച് ഭാര്യയിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം നടന്നതിൻ്റെ പിറ്റേ ദിവസം ഒരു ബാഗും തൂക്കി യുവാവ് പോകുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴിയും യുവാവിനെ തിരിച്ചറിയുന്നതിൽ സഹായകമായി. നാല് സിസിടിവി കാമറകളിൽ നിന്നും ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന് ഒരു ദിവസം മുമ്പ് ആരോപണവിധേയനായ യുവാവ് സംശയകരമായി തന്നെ പിന്തുടർന്നിരുന്നുവെന്നും മാല പൊട്ടിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് സംശയിച്ചിരുന്നുവെന്നും പ്രദേശവാസിയായ സ്ത്രീ വെളിപ്പെടുത്തി. പെട്ടന്ന് നടന്ന് വീട്ടിലെത്തുകയായിരുന്നുവെന്നും ഇവർ പറയുന്നു. കൂടാതെ പ്രദേശത്തെ മറ്റൊരു സ്ത്രീയുടെ മാല പൊട്ടിച്ചിരുന്നുവെന്നും മുക്ക് പണ്ടമായതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ലെന്ന് ഇവരും കൂട്ടിച്ചേർത്തു.
32 അംഗ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തിവന്നത്. അതിനിടെ യുവാവിന്റെ ഭാര്യ താമസിക്കുന്ന വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി കണ്ണൂർ റേൻജ് ഡിഐജി തോംസൺ ജോസ് അറിയിച്ചു. എന്നാൽ പ്രതിക്കു വേണ്ടി തിരച്ചിൽ നടത്തുകയാണെന്നും പ്രതി പിടിയിലായ കാര്യം സ്ഥിരീകരിക്കാതെ അദ്ദേഹം പറഞ്ഞു.