Investigation | 'വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കവർന്ന കമ്മൽ വിറ്റത് കൂത്തുപറമ്പിൽ'; പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിച്ചു
'സ്വർണം വിൽക്കാൻ സഹായിച്ചത് ബന്ധുവായ സ്ത്രീ'
കാഞ്ഞങ്ങാട്: (KasaragodVartha) വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന കേസിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കുടക് ജില്ലയിലെ സലീമിനെ (38) കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ് കോടതിയിൽ അപേക്ഷ നൽകി. അഞ്ച് ദിവസം കസ്റ്റഡിയിലാവശ്യപ്പെട്ടാണ് ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകിയത്.
സംഭവ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച മുടി അടക്കമുള്ളവയുമായി ഒത്ത് നോക്കുന്നതിനായി പ്രതിയുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനും കോടതിയിൽ അപേക്ഷ നൽകും. നേരത്തെ ശേഖരിച്ച വസ്‌തുക്കൾ കണ്ണൂരിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. പ്രതിയുടെ കൈവശം ചെറിയ ടോർച് ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഈ ടോർച് പ്രതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ പെൺകുട്ടിയിൽ നിന്നും കവർന്ന ആഭരണം കണ്ടെടുക്കാൻ കൂത്തുപറമ്പിലെ ജ്വലറിയിലേക്ക് കൊണ്ട് പോകും. ഇതിന് ശേഷം കമ്മൽ കണ്ടെടുക്കുമെന്നാണ് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 6,000 രൂപക്ക് ആഭരണം വിൽപന നടത്തിയതിൻ്റെ ബിൽ പ്രതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.
പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ചത് ബന്ധുവായ സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം പുറത്ത് അറിയുന്നതിന് മുൻപായിരുന്നു രാവിലെ സ്ത്രീ സ്വർണം വിൽക്കാൻ പ്രതിക്കൊപ്പം കൂത്തുപറമ്പിലേക്ക് പോയതെന്നാണ് വിവരം.