Evidence Taken | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്: പ്രതിയെ കൂത്തുപറമ്പിലെ സ്വർണക്കടയിലെത്തിച്ച് തെളിവെടുത്തു
പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ചത് സലീമിന്റെ കൂത്തുപറമ്പിലുള്ള ബന്ധുവായ സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്
കണ്ണൂർ: (KasaragodVartha) ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്ന ശേഷം ഉപേക്ഷിച്ച് സ്ഥലംവിട്ടുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കുടക് ജില്ലയിലെ സലീമിനെ (38) കണ്ണൂർ കൂത്തുപറമ്പിലെ സ്വർണക്കടയിലെത്തിച്ച് തെളിവെടുത്തു.
ജ്വലറിയിൽ വിൽപന നടത്തിയ പെൺകുട്ടിയുടെ കമ്മൽ കണ്ടെത്തിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. പ്രതിയെ ജ്വലറിയിൽ സ്വർണം വിൽക്കാൻ സഹായിച്ചത് സലീമിന്റെ കൂത്തുപറമ്പിലുള്ള ബന്ധുവായ സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതിയെ കൂടുതൽ അന്വേഷണത്തിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
മെയ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. മോഷണമായിരുന്നു ഉദ്ദേശ്യമെന്നും, പെണ്‍കുട്ടി ശബ്ദമുണ്ടാക്കുമോ എന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് സലിം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡി കാലയളവിൽ പ്രതിയിൽ നിന്ന് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.