Charge sheet | 10 വയസുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപിച്ചു; മുഖ്യപ്രതിയുടെ സഹോദരിയും പ്രതിപ്പട്ടികയിൽ
ഡിഎൻഎ പരിശോധന റിപോർടുൾപ്പെടെ നിരവധി ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.
കാസർകോട്: (KasaragodVartha) 10 വയസുകാരിയെ ഉറക്കത്തിൽ എടുത്ത് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി കമ്മൽ ഊരിയെടുത്ത് ഉപേക്ഷിച്ചെന്ന കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 39 ദിവസത്തിനകമാണ് സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 15ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസിൽ 300 പേജുള്ള കുറ്റപത്രമാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ അന്വേഷണ സംഘം നൽകിയത്. കുടക് ജില്ലയിലെ സലീം (38) ഒന്നാം പ്രതിയും സഹോദരി സുവൈബ രണ്ടാം പ്രതിയുമാണ്. കവർച്ചക്കായി വീട്ടിൽ കയറിയ സലീം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കുറ്റം.
ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, 12 വയസിൽ താഴെയുള്ള പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ, കവർച്ച, തടങ്കലിൽ വെക്കൽ തുടങ്ങിയ വകുപ്പുകളും പോക്സോ വകുപ്പുകളുമാണ് സലീമിനെതിരെ ചുമത്തിയിരിക്കുന്നത്. മോഷ്ടിച്ച കമ്മൽ കണ്ണൂർ കൂത്തുപറമ്പിലെ ജ്വലറിയിൽ വിൽക്കാൻ സഹായിച്ചുവെന്ന കുറ്റമാണ് രണ്ടാം പ്രതിയായ സഹോദരിക്കെതിരെയുള്ളത്.
സലീമിനെതിരെ ഡിഎൻഎ പരിശോധന റിപോർടുൾപ്പെടെ നിരവധി ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. സലീം കുട്ടിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടയാൾ, ബൈകിൽ കയറ്റിക്കൊണ്ടുപോയയാൾ എന്നിവരുൾപ്പെടെ കേസിൽ 65 സാക്ഷികളുണ്ട്. സലീം നേരത്തെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഹൊസ്ദുർഗ് സി ഐ ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസിൻ്റെ അന്വേഷണം നടത്തിയത്.