CCTV Visual | ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വർണം കവർന്നുവെന്ന കേസിൽ പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്; ഡിഎൻഎ പരിശോധന ഫലത്തിനായി കാത്ത് പൊലീസ്
നാലുപേർ നിലവിൽ പൊലീസിൻ്റെ കസ്റ്റഡിയിലുണ്ട്
കാഞ്ഞങ്ങാട്: (KasaragodVartha) ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വർണം കവർന്നുവെന്ന കേസിൽ പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ യുവാവിൻ്റെ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. പാൻ്റും കുപ്പായവും ധരിച്ച മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവാവാണ് ദൃശ്യത്തിലുള്ളത്.
പൊലീസ് കസ്റ്റഡിയിലുള്ള, ലഹരിക്ക് അടിമയായ യുവാവാണ് ഇതെന്ന് സംശയിക്കുന്നു. യുവാവ് ഉൾപ്പെടെ നാലുപേർ നിലവിൽ പൊലീസിൻ്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ വസ്ത്രങ്ങൾ അടക്കമുള്ളവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന ഫലം കാത്തിരിക്കുകയാണ് അന്വേഷണസംഘം. ശാസ്ത്രീയമായ എല്ലാ തെളിവുകളും കിട്ടാതെ അറസ്റ്റ് നടപടിയിലേക്ക് കടക്കില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങികിടന്ന പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി ഒരു കിലോമീറ്റർ ദൂരെയുള്ള പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം 13,000 രൂപ വിലവരുന്ന കമ്മൽ ഊരിയെടുത്ത് ഉപേക്ഷിച്ചുവെന്നാണ് കേസ്. ഈ കേസിലെ പ്രതിയുടെ അറസ്റ്റിനായി നാട് ഒന്നടങ്കം കാത്തിരിക്കുകയാണ്.
മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ അന്വേഷണ സംഘം കടുത്ത സമ്മർദത്തിലാണ്. മുഴുവൻ തെളിവുകളും ലഭിക്കാതെ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയാൽ കോടതിയിൽ നിന്നടക്കം തിരിച്ചടിയുണ്ടാകുമെന്ന് അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ വഴി കേസ് അന്വേഷണ വിവരങ്ങൾ ചോരാതിരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.
അന്വേഷണത്തിൻ്റെ ഭാഗമായി നാട്ടിൽ നിന്നും ആരെങ്കിലും മുങ്ങിയിട്ടുണ്ടോയെന്നാണ് പൊലീസ് ആദ്യം പരിശോധിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി 200 ലധികം സിസിടിവി കാമറകൾ പരിശോധിച്ചു. 500 ഓളം വീടുകളിൽ ചെന്ന് കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ടവർ ലൊകേഷൻ കേന്ദ്രീകിച്ച് സംശയമുള്ള ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചു. പെൺകുട്ടിയുടെ കമ്മൽ എവിടെയെങ്കിലും വിൽക്കുകയോ പണയം വെക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന എല്ലാവരെയും കണ്ടെത്തി ചോദ്യം ചെയ്തിട്ടുണ്ട്.