Arrested | 10 വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് കമ്മൽ ഊരിയെടുത്ത് ഉപേക്ഷിച്ചുവെന്ന കേസ്: 'യുവാവ് സംഭവ ദിവസം രക്ഷപ്പെട്ടത് ഭാര്യയെ മർദിച്ച് 500 രൂപ പിടിച്ചുപറിച്ച ശേഷം'
സിസിടിവി ദൃശ്യം കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്
കാഞ്ഞങ്ങാട്: (KasaragodVartha) ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ തീരദേശത്തെ വീട്ടിൽ ഉറങ്ങികിടന്ന 10 വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചുവെന്ന കേസിൽ സൽമാൻ എന്ന സലീം (33) സംഭവ ദിവസം രക്ഷപ്പെട്ടത് ഭാര്യയെ മർദിച്ച് 500 രൂപ പിടിച്ചുപറിച്ച ശേഷമെന്ന് യുവാവിൻ്റെ ബന്ധുക്കൾ വെളിപ്പെടുത്തി. ആന്ധ്രപ്രദേശിലെ റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടിയെന്ന് പൊലീസ് പറയുന്ന പ്രതിയുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയോടെ പൊലീസ് രേഖപ്പെടുത്തി. തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടത് കൊണ്ട് മുഖം മൂടി ധരിച്ചാണ് പ്രതിയെ കൊണ്ടുവന്നത്.
കൂലിപ്പണി, ഹോടെൽ ജോലി, ചൂണ്ടയിട്ട് മീൻപിടുത്തം, ബന്ധുവിൻ്റെ പച്ചക്കറി കടയിലെ ജോലി തൊട്ട് കല്ല് കെട്ടിൽ 50 കിലോയിലേറെ ഭാരമുള്ള ചെങ്കൽ എടുത്ത് കൊടുക്കൽവരെ അറിയുന്ന സലീം സാമാന്യം തടിയുള്ള പെൺകുട്ടിയെ ചെങ്കൽ ചുമക്കുന്ന ലാഘവത്തോടെ വീട്ടിൽ നിന്നും എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് കമ്മൽ ഊരിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് അന്വേഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
അന്വേഷണ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ:
'പകൽ ജോലിയില്ലാത്ത സമയങ്ങളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. സർകാർ സഹായത്തോടെ കെട്ടിയ വീട്ടിൽ സലീം 15 വർഷമായി കഴിയുന്നുണ്ടെങ്കിലും അയൽവാസികൾക്ക് പോലും പിടികൊടുക്കാറില്ല. നന്നേ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ച യുവാവിന് 13 വയസുള്ള മൂത്ത മകനടക്കം മൂന്ന് ആൺകുട്ടികളും ഒരു മകളുമാണ് ഉള്ളത്. ഭാര്യ വീടുകളിൽ പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. വീട്ടു ചിലവുകൾക്ക് പോലും പണം നൽകാത്ത സലീം പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പുലർച്ചെ വീട്ടിലെത്തി കിടന്നുറങ്ങിയ ശേഷം രാവിലെ 7.30 മണിയോടെ കുടകിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ബാഗിൽ വസ്ത്രങ്ങളും മറ്റും എടുത്തു വെച്ചു.
പോകാൻ ഭാര്യയോട് പണം ആവശ്യപ്പെട്ടു. തൻ്റെ കയ്യിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ പഴ്‌സ് പിടിച്ചെടുത്ത് ആകെയുണ്ടായിരുന്ന 500 രൂപ പിടിച്ചുപറിച്ചു. വീട്ട് സാധനങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞ് പണം എടുക്കുന്നത് തടഞ്ഞ ഭാര്യയെ ക്രൂരമായി മർദിച്ചു. ഭാര്യയെ ഇയാൾ മദ്യപിച്ച് വന്ന് പലപ്പോഴും അടിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. കാടാറുമാസം നാടാറുമാസം എന്ന പോലെയാണ് ഇയാൾ കുടകിലും ഇവിടെയും താമസിച്ചു വന്നിരുന്നത്.
പുരുഷൻമാരോട് അധികം സംസാരിക്കാത്തതിനാൽ ഇയാൾക്ക് ഇവിടെ സുഹൃത്തുക്കൾ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. സ്ത്രീകളോട് എത്ര സമയം വേണമെങ്കിലും സംസാരിക്കും. കുടകിൽ ഇയാൾക്ക് പെൺസുഹൃത്ത് ഉണ്ട്. അവിടെ പോയാൽ ഏത് സമയത്തും പെൺസുഹൃത്തിൻ്റെ അടുക്കൽ ഉണ്ടാകും. കുടകിൽ ബന്ധുവായ 12 വയസുള്ള പെൺകുട്ടിയെ വനത്തിൽ ബൈകിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സലീമിനെതിരെ പോക്സോ കേസുണ്ട്.
ഈ കേസിൽ അറസ്റ്റിലായ സലീമിനെ 90 ദിവസത്തെ റിമാൻഡിന് ശേഷം യുവാവിൻ്റെ രണ്ട് സഹോദരിമാർ ചേർന്നാണ് ജാമ്യത്തിലെടുത്തത്. തൻ്റെ ഭാഗത്ത് നിന്നും ഒരു തെറ്റും ഇനി ഉണ്ടാകില്ലെന്നും കുടകിലേക്ക് വരില്ലെന്നും പറഞ്ഞാണ് ഇയാളെ സഹോദരിമാർ ജാമ്യം ലഭിക്കാൻ സഹായിച്ചത്. പിന്നീട് അവിടേക്ക് വല്ലപ്പോഴും മാത്രമേ പോയിരുന്നുള്ളു. കേസ് അന്വേഷിക്കുന്ന കുടക് പൊലീസ് ഒരു തവണ സലീമിനെ തേടി കാഞ്ഞങ്ങാട്ട് വന്നിരുന്നു.
രാത്രിയിലാണ് സലീമിൻ്റെ വിക്രിയകൾ പലപ്പോഴും നടന്നു വന്നത്. കുടകിൽ പോക്സോ കേസിന് മുമ്പ് തട്ടിപ്പ്, പിടിച്ചുപറി, പശു - ആട് മോഷണം എന്നിവ തൊഴിലാക്കിയിരുന്നു. നിരവധി കേസുകൾ സലീമിന് അവിടെ ഉണ്ട്. അവിടെ കുറ്റം ചെയ്താൽ ഇവിടെ വന്ന് നിൽക്കും. ഇവിടെ കുറ്റം ചെയ്താൽ കുടകിലേക്ക് ഊളിയിടും ഇതാണ് സലീമിൻ്റെ രീതി. ഭാര്യയുടെ ബന്ധത്തിൽപ്പെട്ട പെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കാൻ നോക്കിയിരുന്നുവെങ്കിലും നാണക്കേട് ഭയന്ന് പരാതി നൽകിയിരുന്നില്ലെന്നും അറിയുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കൽപണിക്ക് വന്ന ഒരു തൊഴിലാളിയുടെ ബൈക് എടുത്ത് ഐങ്ങോത്തുള്ള ഒരു സ്ത്രീയുടെ മാല തട്ടിപ്പറിച്ചിരുന്നുവെങ്കിലും മുക്കുപണ്ടമായതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഭാര്യയുടെ ബന്ധുവിൻ്റെ ബൈക് ഒന്നര മാസം മുമ്പ് എടുത്ത് കൊണ്ടുപോയി മേൽപറമ്പിനടുത്ത് വെച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രമം പാളിയതിനെ തുടർന്ന് ബൈക് ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഭവവും നടന്നിരുന്നു. പ്രതി രക്ഷപ്പെട്ടെങ്കിലും ഈ ബൈക് സ്ത്രീയുടെ വീട്ടുകാർ പിടിച്ചു വെച്ചിരിക്കുകയാണെന്നും പറയുന്നു.
രാത്രി തോട്ടിൽ മീൻപിടിക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാൾ രാത്രിയിൽ കറങ്ങുന്നത്. കല്ല് പണിക്ക് പോയാൽ നന്നായി പണിയെടുത്ത് മറ്റ് തൊഴിലാളികളുടെ അനുകമ്പ പിടിച്ചുപറ്റിയാണ് ഇയാൾ ബൈക് ഓടിക്കാൻ വാങ്ങുന്നത്. നാട്ടിലെത്തിയാൽ ഭാര്യയുടെ ഫോണും കുടകിൽ എത്തിയാൽ മാതാവിൻ്റെ ഫോണും ഉപയോഗിക്കുന്ന സലീം സമർഥനായ കുറ്റവാളിയാണ്. കുറച്ച് കാലം നീലേശ്വരം ബങ്കളം റോഡിലെ ബന്ധുവിൻ്റെ പച്ചക്കറി കടയിലും ജോലി നോക്കിയിരുന്നു'.
പീഡന ദിവസം സലീം ബാഗും തൂക്കി പ്രത്യേകമായ രീതിയിൽ നടന്നു പോകുന്നതിൻ്റെ സിസിടിവി ദൃശ്യം കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. നാട്ടുകാരനാണ് സലീം ബാഗും തൂക്കി പോകുന്ന കാര്യം സംശത്തോടെ പൊലീസിനെ അറിയിച്ചത്. പ്രദേശത്തെ ഒരു വീടിൻ്റെ ജനാലയ്ക്കരികിൽ സംശയാസ്പദമായി കണ്ട സലീമിനെ കുറിച്ച് ഒരു വീട്ടമ്മയും പൊലീസിന് വിവരം നൽകിയിരുന്നു. ഇവരുടെ മൊഴി അനുസരിച്ച് രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നുവെങ്കിലും പുറത്ത് വിട്ടിരുന്നില്ല. ഇതും അന്വേഷണത്തെ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.