13കാരനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; ഓടോറിക്ഷ ഡ്രൈവറടക്കം 3 പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു, കേസെടുത്തു
ഉദുമ: (www.kasargodvartha.com 04.01.2022) 13കാരനെ ഓടോറിക്ഷയില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉദുമ ഈച്ചിലിങ്കാലിലെ പളളിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ വീട്ടിലെത്താന്‍ രണ്ട് വീട് അകലെയുള്ളപ്പോള്‍ കുട്ടിയെ ഓടോറിക്ഷയില്‍ വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി. തുടര്‍ന്ന് കുട്ടി വീട്ടില്‍ വിവരം പറയുകയായിരുന്നു.
ഉടന്‍ കുട്ടിയുടെ വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പല വഴിയിലും അന്വേഷണം നടത്തുന്നതിനിടയില്‍ ഉദുമ വില്ലേജ് ഓഫീസിന് പുറക് വശത്തുളള ഇടവഴിയില്‍ ഓടോറിക്ഷ കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ ഓടോറിക്ഷയിലുളളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ നാട്ടുകാരുടെ പിടിയിലായെന്നും ഒരാള്‍ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഓടോറിക്ഷ ഡ്രൈവറായ യുവാവും, കൊല്ലം കുണ്ടറ സ്വദേശിയായ ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്തെ രാത്രികാല മീന്‍ കച്ചവടക്കാരനുമാണ് പിടിയിലായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ബേക്കല്‍ പൊലീസ് രണ്ടുപേരെയും, ഓടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ഓടിപോയ ആള്‍ക്കായി നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി വൈകി ഉദുമയിലെ ഒരു കെട്ടിടത്തിന് മുകളില്‍ ഒളിച്ച നിലയില്‍ മൂന്നാമനെയും കണ്ടെത്തി. ഇയാളെയും പൊലീസിലേല്‍പിച്ചു. തട്ടികൊണ്ട് പോകാനുളള ശ്രമം നടന്ന പ്രദേശം മേല്‍പറമ്പ് പൊലീസ് പരിധിയിലായതിനാല്‍ രാത്രി തന്നെ പ്രതികളെ മേല്‍പറമ്പ് പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയില്‍ നിന്നും മൊഴിയെടുത്ത ശേഷം മാത്രമേ അറസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഓടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തിട്ടുണ്ട്. റോഡില്‍ കുട്ടി കൈകാണിച്ചപ്പോഴാണ് ഓടോറിക്ഷയില്‍ കയറ്റിയതെന്നും ഓടോറിക്ഷയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ കണ്ട് കുട്ടി നിലവിളിച്ച് ഇറങ്ങി ഓടുകയുമായിരുന്നുവെന്നാണ് ഓടോറിക്ഷ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ രണ്ട് വീട് അപ്പുറത്ത് വച്ച് കുട്ടി ഓടോറിക്ഷയ്ക്ക് കൈകാണിച്ചുവെന്നത് വിശ്വാസയോഗ്യമല്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. പൊലീസും ഇതിനെ ശരിവെക്കുന്നു. ഓടോറിക്ഷയില്‍ ഉണ്ടായിരുന്ന ഒരാള്‍ സിഗരറ്റ് പുകച്ച് കട്ടി പുക തന്റെ മുഖത്ത് ഉതിയതായും ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
Keywords: Uduma, News, Kerala, Top-Headlines, Police, Case, Crime, Kasaragod, Complaint, Kidnap, Boy, Kidnapping attempt of 13-year-old; Case against 3 people.
< !- START disable copy paste -->