ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ പ്രതിസന്ധി; ലൈസൻസിനായി യുവാക്കൾ അന്യസംസ്ഥാനങ്ങളിലേക്ക്, കേരളത്തിന് വരുമാന നഷ്ടം
● തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് ലൈസൻസ് എടുക്കുന്നത്.
● അന്യസംസ്ഥാന ലൈസൻസ് ഇരുനൂറ്റി അൻപത് രൂപ ഫീസടച്ച് കേരള ലൈസൻസാക്കി മാറ്റുകയാണ് ചെയ്യുന്നത്.
● കെട്ടിക്കിടക്കുന്ന അപേക്ഷകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കാൻ ഗതാഗത കമീഷണറുടെ കർശന നിർദേശം.
● കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസ് മാഫിയ സജീവമാണ്.
● കഴിഞ്ഞ ആഴ്ച വെള്ളരിക്കുണ്ടിൽ 17 കാരനിൽ നിന്നും വ്യാജ ഡ്രൈവിങ് ലൈസൻസ് പിടികൂടി.
● വ്യാജ ലൈസൻസ് നിർമാണത്തിൽ കാസർകോട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും ആർ ടി ഒയും അന്വേഷണം തുടങ്ങി.
_എം. മൂസ മുഹ്‌സിൻ
കാസർകോട്: (KasargodVartha) കാലം മാറിയതോടെ സ്വന്തമായി വാഹനം ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലാണ് പലരും. വായ്പ എടുത്തായാലും വാഹനം സ്വന്തമാക്കാൻ വിദ്യാർഥികളും യുവാക്കളും അടങ്ങുന്ന പുതിയ തലമുറ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളിൽ മാറിമാറി വരുന്ന പുതിയ പരിഷ്കാരങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന കാലതാമസവും വാഹനപ്രേമികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതികൾ പഠിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. ഡിജിറ്റൽ യുഗത്തിൽ ലൈസൻസിനായി കാത്തിരിക്കാൻ തയ്യാറല്ലാത്ത യുവാക്കൾ വേഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനും ലൈസൻസിനുമായി അന്യസംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ് നടപടികൾ കേരളത്തിലേതിനെ അപേക്ഷിച്ച് ലളിതമാണെന്ന് അപേക്ഷകർ പറയുന്നു. കർശന നിബന്ധനകൾ വെച്ച് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ തുടരുന്നതെന്ന ആക്ഷേപവും ശക്തമാണ്.
സർക്കാരിന് വരുമാന നഷ്ടം
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള ലൈസൻസ് സ്വന്തമാക്കി, 250 രൂപ ഫീസ് അടച്ച് പിന്നീടത് കേരള ലൈസൻസാക്കി മാറ്റുകയാണ് ഇപ്പോൾ വിദ്യാർഥികളും യുവാക്കളും പ്രധാനമായും ചെയ്യുന്നത്. ഇവരൊക്കെ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും അവിടെ ജോലി ചെയ്യുന്നവരുമാണ്. ഈ പ്രവണത കാരണം സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് വലിയ വരുമാന നഷ്ടമാണ് പ്രതിമാസം ഉണ്ടാകുന്നത്. ലൈസൻസിനായി യുവാക്കളും വിദ്യാർഥികളും വിലാസം നൽകുന്നത് മറ്റു സംസ്ഥാനങ്ങളിൽ അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുടെയും പേരിലാണ്.
അതേസമയം കേരളത്തിൽ പുതുതായി നടപ്പിലാക്കിയ ഡ്രൈവിങ് ടെസ്റ്റുകളിലെ പരിഷ്കാരം കാലതാമസം ഒഴിവാക്കാനാണെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം. കൂടാതെ നിരത്തുകളിൽ മികച്ച ഡ്രൈവർമാരെ വാർത്തെടുക്കാനും അപകടങ്ങൾ കുറയ്ക്കാനും ഈ കർശന പരിശോധനകൾ സഹായിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും മൂന്ന് മാസം കൊണ്ട് തീർപ്പാക്കണമെന്നാണ് നിലവിൽ ഗതാഗത കമീഷണറുടെ പ്രധാന നിർദേശം.
വ്യാജ ലൈസൻസ് മാഫിയ സജീവം
അതിനിടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമാണം വ്യാപകമായി നടക്കുന്നതായി മോട്ടോർ വാഹന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വെള്ളരിക്കുണ്ട് സബ് ആർ ടി ഒ ഉദ്യോഗസ്ഥർ 17കാരനിൽ നിന്ന് പിടിച്ചെടുത്ത ഡ്രൈവിങ് ലൈസൻസ് വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 2026 ജൂൺ രണ്ടിന് വെള്ളരിക്കുണ്ട് ആർ ടി ഒ ഓഫീസിൽ നിന്ന് അനുവദിച്ചതായി പറയുന്ന ഈ ലൈസൻസ് പൂർണമായും വ്യാജമാണെന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ വ്യക്തമാക്കി. സുരക്ഷാ ഹോളോഗ്രാമുകളും സീലുകളും വ്യാജമായി നിർമിച്ചാണ് ഇത്തരം ലൈസൻസുകൾ വിതരണം ചെയ്യുന്നത്.
പതിനേഴുകാരനെ പിന്നീട് ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവൻ മൊഴി മാറ്റുകയും ചെറുപുഴയിൽ നിന്നാണ് ലൈസൻസ് കിട്ടിയതെന്ന് പറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് മലയോര മേഖലയിലേക്ക് കൂടുതൽ അന്വേഷണം നടത്താൻ കാസർകോട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും ആർ ടി ഒയും തീരുമാനിച്ചിട്ടുള്ളത്.
ഡ്രൈവിങ് ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kerala youth seek driving licenses from other states due to strict rules.
#DrivingLicense #KeralaMVD #FakeLicense #KasaragodNews #MotorVehicleDepartment #MalayalamNews #AnjuNews






