മോഹൻലാലിന്റെ മാസ് ഡയലോഗ് വെച്ച് പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ചു; ന്യുജെൻ യുവാക്കൾ പെട്ടു; 9 പേർക്കെതിരെ കേസെടുത്തു

● നിയമവ്യവസ്ഥയെയും പൊലീസിനെയും ധിക്കരിച്ചതിനാണ് കേസ്.
● യുവാക്കൾക്കെതിരെ യഥാർത്ഥത്തിൽ കേസെടുത്തിരുന്നില്ല.
● ക്രമസമാധാനം തകർക്കാൻ പ്രേരിപ്പിച്ചതിനാണ് കേസ്.
● പൊലീസ് ആക്ട് 2011, 121-ാം വകുപ്പ് പ്രകാരമാണ് നടപടി.
● പൊലീസ് സംവിധാനത്തെ അവഹേളിക്കുന്നതാണ് റീൽ എന്ന് എഫ്ഐആർ.
കുമ്പള: (KasargodVartha) മോഹൻലാലിന്റെ മാസ് ഡയലോഗ് ഉപയോഗിച്ച് പോലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച ന്യൂജെൻ യുവാക്കൾ കുടുങ്ങി. നിയമവ്യവസ്ഥയെയും പോലീസിനെയും ധിക്കരിച്ചതിന് ഒമ്പത് യുവാക്കൾക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.
കുമ്പള പോലീസിനെതിരെയായിരുന്നു യുവാക്കൾ റീൽ ചിത്രീകരിച്ചത്. വാക്കുതർക്കത്തെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാക്കളെ പോലീസ് പിന്നീട് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് വധശ്രമത്തിന് പോലീസ് കേസെടുത്തുവെന്ന് സ്വയം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ റീൽ പങ്കുവെച്ചത്.
‘കസ്റ്റഡിയിലെടുത്തവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും’ യുവാക്കൾ റീലിൽ പറയുന്നുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ യുവാക്കൾക്കെതിരെ കേസെടുത്തിരുന്നില്ല. റീലിലൂടെ ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിന് ഒമ്പത് പേർക്കെതിരെയാണ് പിന്നീട് കേരള പോലീസ് ആക്ട് 2011 പ്രകാരം 121-ാം വകുപ്പനുസരിച്ച് കേസെടുത്തത്.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ധിക്ക്, റൗഫ്, റിയാസ്, ഷുഹൈബ്, മുസ്സമ്മൽ, ഫയാസ്, മൊയ്തീൻ കുഞ്ഞി, മഷൂക്ക്, ജുനൈദ് എന്നിവർക്കെതിരെയാണ് കേസ്. പോലീസ് സംവിധാനത്തെയും നിയമ സംവിധാനത്തെയും ധിക്കരിച്ച് ക്രമസമാധാനം തകർക്കുന്നതിന് പ്രേരണ നൽകുംവിധം വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്.
ഒരു സംഘം യുവാക്കൾ കുമ്പള ടൗണിൽ ബഹളമുണ്ടാക്കുകയും പിന്നീട് ഇവരെ കുമ്പള സ്റ്റേഷനിലേക്ക് കൊണ്ടുവരുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് പോകുന്നതും വീഡിയോയിലുണ്ട്. ‘പേടിപ്പിക്കല്ലേ സാറേ... രണ്ട് തവണ പോലീസ് സ്റ്റേഷനിൽ കയറിയാൽ തീരും ആ പേടി’ എന്ന മോഹൻലാലിന്റെ പഞ്ച് ഡയലോഗ് അടക്കം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ പങ്കുവെച്ചവർക്ക് നിയമ സംവിധാനം പരമ പുച്ഛമാണ് എന്ന ധ്വനിയാണ് വീഡിയോയിലുള്ളതെന്നും, വീഡിയോ കാണുന്നവരുടെ മനസ്സിൽ നിയമ സംവിധാനത്തെ ധിക്കരിക്കാൻ പ്രേരിപ്പിക്കുകയാണെന്നും പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.
‘പത്താം ക്ലാസിൽ നിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടന്ന പയ്യനെ വരെ നിനക്കറിയൂ... ബാക്കി അറിയണം അവന്റെ പ്രായത്തെക്കാൾ പോലീസ് കേസ് ഉണ്ടാക്കിയാണ് ഗൾഫിലേക്ക് മുങ്ങിയത്’ എന്ന ഇന്ദ്രൻസിന്റെ ഡയലോഗും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പോലീസ് വ്യക്തമാക്കുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Youth booked for reel challenging police with film dialogues.
#KeralaPolice #Reels #Mohanlal #YouthArrested #Kumbla #LawAndOrder