മേലുദ്യോഗസ്ഥരുടെ പകപോക്കൽ? സർക്കാർ വനിതാ ഡോക്ടർക്ക് സമാനതകളില്ലാത്ത സർവ്വീസ് പീഡനം; വനിതാ കമ്മീഷൻ ഉത്തരവിനും പുല്ലുവില

● 12 വർഷമായി സർവ്വീസിൽ നിന്ന് പുറത്ത്.
● സസ്പെൻഷൻ കാലയളവിൽ ശമ്പളം നിഷേധിച്ചു.
● ഡി.എം.ഒ.യുടെ പകപോക്കലാണ് കാരണമെന്ന് ആരോപണം.
● 'വ്യാജ പരാതിയുടെ പേരിൽ സസ്പെൻഡ് ചെയ്തു.'
● 'ഹൈക്കോടതി ഉത്തരവുകൾ പോലും അട്ടിമറിച്ചു.'
കാസർകോട്: (KasargodVartha) മേലുദ്യോഗസ്ഥർക്ക് വ്യക്തിപരമായ വിരോധം തോന്നിയാൽ കീഴ് ഉദ്യോഗസ്ഥരെ എങ്ങനെയും ചവിട്ടിത്താഴ്ത്താമോ എന്ന ഗുരുതരമായ ചോദ്യം ഉയർത്തി, കാസർകോട് വെള്ളരിക്കുണ്ട് മാലക്കല്ലിലെ സർക്കാർ വനിതാ ഡോക്ടറായ ഡോ. സുനി ജോസഫിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത സർവ്വീസ് പീഡനങ്ങളാണ്. സ്റ്റാറ്റ്യൂട്ടറി പദവിയുള്ള വനിതാ കമ്മീഷൻ്റെയും മനുഷ്യാവകാശ കമ്മീഷൻ്റെയും അനുകൂല ഉത്തരവുകൾക്ക് പോലും ഒരു വിലയും കൽപ്പിക്കാതെയാണ് ഈ വനിതാ ഡോക്ടറെ 12 വർഷത്തോളമായി സസ്പെൻഡ് ചെയ്ത് സർവീസിൽ നിന്ന് പുറത്തു നിർത്തിയിരിക്കുന്നത്.
കണ്ണീരോടെയുള്ള വെളിപ്പെടുത്തലുകൾ
തനിക്ക് നേരിടേണ്ടി വന്ന കടുത്ത സർവ്വീസ് പീഡനങ്ങളെക്കുറിച്ച് കണ്ണീരോടെയാണ് ഈ അവിവാഹിതയായ ഡോക്ടർ കാസർകോട്ട് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത്. കുറ്റം ചെയ്തവർക്ക് പോലും സസ്പെൻഷൻ കാലയളവിൽ പാതി ശമ്പളത്തിന് അർഹതയുണ്ടെന്നിരിക്കെ, ഡോ. സുനി ജോസഫിന്റെ കാര്യത്തിൽ ഒരു രൂപ പോലും നൽകാതെയാണ് സസ്പെൻഡ് ചെയ്ത് മാറ്റി നിർത്തിയിരിക്കുന്നത്. ഇത് സർക്കാർ ഉദ്യോഗസ്ഥരോടുള്ള നീതികേടാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ പകപോക്കൽ?
തൻ്റെ സസ്പെൻഷന് കാരണം ജില്ലാ മെഡിക്കൽ ഓഫീസർക്കുണ്ടായ പകയിൽ നിന്നും ഉണ്ടായതാണെന്ന് വനിതാ ഡോകർ പറയുന്നു. ഈ വിഷയത്തെക്കുറിച്ച് വനിതാ ഡോക്ടർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
2003-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച ഡോ. സുനി ജോസഫ് നാല് വർഷം സ്റ്റാഫ് നഴ്സായും പിന്നീട് നാല് വർഷം അസിസ്റ്റൻ്റ് മെഡിക്കൽ ഓഫീസറായും പൂടങ്കല്ല് സർക്കാർ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചു. ഇതിനിടയിൽ, ചിക്കുൻഗുനിയ ബാധിച്ചതിനാൽ രണ്ടാഴ്ച നിയമപരമായ മെഡിക്കൽ അവധിയിലായിരുന്നു. ചിക്കുൻഗുനിയയുടെ പ്രതിഫലനം കാരണം സന്ധിവേദനകൊണ്ട് പ്രിസ്ക്രിപ്ഷൻ എഴുതാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെങ്കിലും, വേദന സഹിച്ചും 150-ലേറെ രോഗികളെ പരിശോധിച്ചതിൻ്റെ പത്രവാർത്ത അന്ന് വന്നിരുന്നു. ഈ നിയമപരമായ അവധിയുടെ കാര്യത്തിൽ നീതി തേടി വനിതാ കമ്മീഷനെ സമീപിക്കുകയും അനുകൂല തീരുമാനം ഉണ്ടാകുകയും ചെയ്തതാണ് അന്നത്തെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് തന്നിൽ പകയുണ്ടായതിന് കാരണമെന്ന് ഡോക്ടർ ആരോപിക്കുന്നു.
വ്യാജ പരാതിയും നീതി നിഷേധവും
ഡോക്ടറുടെ ജോലിസ്ഥലമായ കാസർകോട് ജില്ലയിലെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ, വാഹനാപകടത്തിൽ പരിക്കേറ്റെത്തിയവർക്ക് ചികിത്സ നൽകിയില്ല എന്ന കള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് വനിതാ ഡോക്ടർ പറയുന്നു. എന്നാൽ ഇത് കളവാണെന്നും, വാഹനാപകടത്തിൽ പരിക്കേറ്റ മോഹനൻനായർ (54) എന്നയാൾക്ക് കൃത്യമായ ചികിത്സ നൽകിയിരുന്നതായും, ഇതിൻ്റെ പോലീസ് കോടതിയിൽ ഹാജരാക്കിയ വൂണ്ട് സർട്ടിഫിക്കറ്റ് രേഖാമൂലം തെളിയിച്ചതായും ഡോക്ടർ വ്യക്തമാക്കി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ചികിത്സ നിഷേധിച്ചു എന്ന വാദം പൂർണ്ണമായി പൊളിഞ്ഞിരുന്നു.
സസ്പെൻഷൻ നിലനിൽക്കെ തന്നെ, താനും മാതാപിതാക്കളും താമസിച്ചിരുന്ന സർക്കാർ ക്വാർട്ടേഴ്സ് അനീതിപരമായി കയ്യേറുകയും, സാധനങ്ങളെല്ലാം വാരിവലിച്ച് പുറത്തിടുകയും പിന്നീട് കത്തിച്ചുകളയുകയും ചെയ്തുവെന്ന് ഡോക്ടർ ആരോപിക്കുന്നു. സസ്പെൻഷൻ നിലവിലുണ്ടായിട്ടും പിന്നീട് കരിവെള്ളൂർ ഗവ. ആശുപത്രിയിലേക്ക് തന്നെ സ്ഥലം മാറ്റിയെങ്കിലും ഹാജർ ബുക്ക് നൽകാതെ നിയമനാം അട്ടിമറിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും അതും അധികാരികൾ അട്ടിമറിക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ നിസ്സംഗത
ജോലി സംബന്ധിച്ചും ഔദ്യോഗിക സർക്കാർ ക്വാർട്ടേഴ്സ് അനീതിപരമായി കൈയ്യേറി രേഖകളും വീട്ടുപകരണങ്ങളും പൂർണമായി നശിപ്പിച്ച വിഷയത്തിലും ഡോ. സുനി ജോസഫ് വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നു. 2024 ഓഗസ്റ്റ് 10 വരെ കേരള വനിതാ കമ്മീഷനിൽ 11 തവണയാണ് അവർ പരാതിപ്പെട്ടത്. വനിതാ കമ്മീഷൻ അവരുടെ പരാതിയിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രജൻ എൻ. കോബ്രഗോടിനോടും കാസർകോട് ജില്ലാ കളക്ടറോടും വിഷയത്തിൽ ഹിയറിംഗ് പൂർത്തിയാക്കി ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഉത്തരവ് ഇറങ്ങിയില്ലെന്ന് അവർ പറയുന്നു.
തൻ്റെ നിരപരാധിത്വം എല്ലാ തലങ്ങളിലും പൂർണ്ണമായി തെളിയിച്ചു കഴിഞ്ഞിട്ടും, എന്തുകൊണ്ടാണ് സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നില്ലെന്നതാണ് ഡോക്ടർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ജോലിയിൽ പ്രവേശിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച് അടിയന്തിര റിപ്പോർട്ട് നൽകണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് ഐ.എ.എസ്. ഓഫീസർമാരുടെ പക്കൽ നിന്നും വനിതാ കമ്മീഷന് റിപ്പോർട്ട് നാളിതുവരെ ലഭിക്കാതിരുന്നപ്പോഴാണ്, ഹിയറിംഗ് കഴിഞ്ഞ രണ്ട് വിഷയങ്ങളും രേഖപ്പെടുത്തി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ കൈയിൽ നേരിട്ട് അപേക്ഷ നൽകാൻ വനിതാ കമ്മീഷൻ നിർദേശിച്ചത്. 2024 ഓഗസ്റ്റ് 12, 2025 മാർച്ച് എട്ട്, 2025 മാർച്ച് 22 എന്നീ തീയതികളിൽ നേരിട്ട് അപേക്ഷ നൽകിയിട്ടും, രണ്ട് വർഷത്തോളമായിട്ടും ഉത്തരവ് താമസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർ കണ്ണീരോടെ പറയുന്നു.
ആരോഗ്യ വകുപ്പ് സെക്രട്ടറിയിൽ നിന്നും കാസർകോട് കളക്ടറിൽ നിന്നും താൻ നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. സുനി ജോസഫ് വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷൻ്റെ H.R.M.P no 3723/2010 dated 2010 ഡിസംബർ 23-ലെ ഉത്തരവ്, ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ 54610/A3/2010 dated 2011 ജനുവരി 21-ലെ ഉത്തരവ്, കാസർകോട് ജില്ലാ കളക്ടറുടെ 58565/E2/2013 dated 2013 ഡിസംബർ 13-ലെ ഉത്തരവ് എന്നീ മുൻ ഉത്തരവുകൾക്കു മേൽ അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കണമെന്നും ഈ വനിതാ ഡോക്ടർ ശക്തമായി ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ ഇനിയങ്കിലും എത്രയും വേഗം നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡോ. സുനി ജോസഫ്.
ഡോക്ടർ സുനി ജോസഫിന് നീതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. സർക്കാർ ഉദ്യോഗസ്ഥരോടുള്ള ഈ നീതികേടിനെക്കുറിച്ച് ചർച്ച ചെയ്യൂ.
Article Summary: Kerala woman doctor faces severe service harassment for 12 years.
#KeralaDoctor #ServiceHarassment #WomenEmpowerment #JusticeDenied #Kasargod #KeralaPolitics