സ്കൂൾ അങ്കണങ്ങളിൽ ഭീതി പടർത്തി റാഗിങ്ങും കൂട്ടത്തല്ലും: രക്ഷിതാക്കൾ ആശങ്കയിൽ!
● മയക്കുമരുന്ന് ഉപയോഗവും പഠന താല്പര്യക്കുറവും ശ്രദ്ധേയം.
● കാഞ്ഞങ്ങാട് റാഗിങ്ങിനെതിരെ പരാതി നൽകിയ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു.
● വിദേശ പണം ദുരുപയോഗം ചെയ്ത് ചില കുട്ടികൾ അക്രമങ്ങൾ നടത്തുന്നു.
● അധികാരികളും രക്ഷിതാക്കളും ബോധവൽക്കരണം നൽകേണ്ടതുണ്ട്.
മുഹമ്മദലി നെല്ലിക്കുന്ന്
(KasargodVartha) കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ റാഗിങ്ങും കൂട്ടംചേർന്നുള്ള അക്രമങ്ങളും വർധിച്ചുവരികയാണ്. സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ ഒരു കാരണവുമില്ലാതെ റാഗ് ചെയ്യുന്നതും, കൂട്ടംചേർന്ന് മർദ്ദിച്ച് അവശരാക്കുന്നതുമായ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
സമീപകാലത്തായി ക്രിമിനൽ സ്വഭാവമുള്ള വിദ്യാർത്ഥികളാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്. പുതിയ വസ്ത്രങ്ങളോ, ഷൂവോ, വാച്ചോ ധരിച്ച് സ്കൂളിലെത്തുന്ന കുട്ടികൾ റാഗിങ്ങിനോ തല്ലിനോ ഇരയാകേണ്ടി വരുന്നു എന്നതാണ് നിലവിലെ അവസ്ഥ.
രണ്ടുമാസം മുമ്പ് സ്കൂളിൽ പോയ ഒരു കുട്ടി തല്ല് കിട്ടി സാരമായ പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയ വാർത്ത നാം ഞെട്ടലോടെ കേട്ടതാണ്. എന്നിട്ടും ഇത്തരം ക്രൂരതകൾ കുറയുന്നില്ല എന്നത് കൂടുതൽ ആശങ്കയുളവാക്കുന്നു.
ഈ ക്രൂരതകൾക്കെതിരെ സർക്കാർ കർശന നടപടി കൈക്കൊള്ളേണ്ടതുണ്ട്. ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് ടി.സി. നൽകി പുറത്താക്കുകയും അവർക്കെതിരെ തക്കതായ ശിക്ഷ നൽകുകയും വേണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ നമ്മുടെ മക്കളെ എങ്ങനെ ധൈര്യമായി സ്കൂളിൽ പറഞ്ഞയക്കും? ഇന്നത്തെ തലമുറ മയക്കുമരുന്നിന് അടിമകളായി വളരുമ്പോൾ പഠനത്തോടുള്ള താല്പര്യം കുറഞ്ഞു വരികയാണ്.
ഏതെങ്കിലും ഒരു ജൂനിയർ വിദ്യാർത്ഥി കൂടെ പഠിക്കുന്ന പെൺകുട്ടിയോട് സംസാരിച്ചാൽ പോലും സീനിയർ വിദ്യാർത്ഥികൾ കൂട്ടംചേർന്ന് തല്ലിച്ചതച്ച് അവശരാക്കുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്.
അക്രമവാസനയുള്ള വിദ്യാർത്ഥികളെ സ്കൂൾ കോമ്പൗണ്ടിനകത്ത് പ്രവേശിപ്പിക്കാൻ പാടില്ല. കാരണം, അവർ മറ്റ് വിദ്യാർത്ഥികൾക്ക് ഉപദ്രവമായി മാറും. ഇത്തരം കുട്ടികൾ എങ്ങനെയാണ് നാളത്തെ ഭാവി വാഗ്ദാനങ്ങൾ ആകുക? ഇതിനെതിരെ രക്ഷിതാക്കളും സ്കൂൾ അധികാരികളും കടുത്ത നിലപാടുമായി മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്.
കാഞ്ഞങ്ങാട് അടുത്തിടെയുണ്ടായ ഒരു സംഭവം ഇതിന് ഉദാഹരണമാണ്. ഒരു വിദ്യാർത്ഥി റാഗിങ്ങിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ, അക്രമിസംഘം ആ വിദ്യാർത്ഥിയെ സോഡാക്കുപ്പിയും മരക്കഷണങ്ങളും ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ചു.
മുടിവെട്ടാൻ ബാർബർ ഷോപ്പിൽ പോയ സമയത്തായിരുന്നു ഈ അക്രമം. ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവർ പഠിക്കുന്ന സ്കൂളുകളിൽ മറ്റുള്ള കുട്ടികൾ എങ്ങനെ സുരക്ഷിതമായി പഠിക്കുവാൻ പോകും?
വിദേശത്തുനിന്ന് രക്ഷിതാക്കൾ അയച്ചുകൊടുക്കുന്ന പണത്തിന്റെ ഹുങ്ക് കൊണ്ട് ചില കുട്ടികൾ പാവപ്പെട്ട വിദ്യാർത്ഥികളെ ആക്രമിക്കുകയും ദുരിതത്തിലാക്കുകയും ചെയ്യുന്നുണ്ട്. മക്കൾ ചോദിക്കുമ്പോൾ ആയിരങ്ങളും പതിനായിരങ്ങളും നൽകി അവരുടെ ബുദ്ധിയെയും സ്വഭാവത്തെയും മലിനമാക്കുകയാണ് രക്ഷിതാക്കളിൽ ചിലർ.
പണമുള്ളവന് പവർ കൂടുതലാണ്; ഒന്നുമില്ലാത്തവൻ അതിനനുസരിച്ച് ജീവിക്കുന്നു. അതുപോലെ അവരുടെ മക്കളും. സ്കൂളിനെയും അധ്യാപകരെയും വെല്ലുവിളിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയിൽപ്പെട്ട ചിലരുടെ ഈ പ്രവണത എന്തിനുവേണ്ടിയുള്ള പുറപ്പാടാണ്?
ഇങ്ങനെയുള്ള അക്രമവാസനയുള്ള വിദ്യാർത്ഥികളെ ബന്ധപ്പെട്ട അധികാരികളും രക്ഷിതാക്കളും സംയുക്തമായി ചേർന്ന് ബോധവൽക്കരണവും കൗൺസിലിംഗും നൽകി നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്.
സ്കൂളുകളിലെ റാഗിങ്ങിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Rising student violence and ragging in Kerala schools.
#KeralaSchools #Ragging #StudentViolence #ParentalConcern #EducationCrisis #Kanhangad






