Action | കോം ഇന്ത്യയുടെ പരാതിയിൽ നടപടി തുടങ്ങി; വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും ബ്ലാക്ക് മെയിലിംഗ് സംഘത്തിനെയും പൂട്ടാൻ പൊലീസ് രംഗത്ത്

● എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.ജിമാര്‍ക്ക് നിര്‍ദേശം നല്‍കി
● പണം നല്‍കിയില്ലെങ്കില്‍ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കുന്നു.
● സമാനമായ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
തിരുവനന്തപുരം: (KasaragodVartha) ബ്ലാക്ക് മെയിലിംഗും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കും എതിരെ കര്‍ശന നടപടിയിലേക്ക് കേരള പൊലീസ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയുടെ (Confederation of Online Media India) പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം ദക്ഷിണ, ഉത്തര മേഖല സോണല്‍ ഐ.ജിമാര്‍ക്ക് ഇത് സംബന്ധിച്ച് അടിയന്തര നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എ.ഡി.ജി.പിക്കും കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും സമര്‍പ്പിച്ച പരാതിയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍, മാധ്യമപ്രവര്‍ത്തനത്തിന്‍റെ വ്യാജേന സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ചാണ് പരാതി. ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത-രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കോം ഇന്ത്യ ചൂണ്ടിക്കാട്ടി.
മാധ്യമരംഗത്ത് പ്രവര്‍ത്തിച്ച പരിചയമോ, മാധ്യമസ്ഥാപനങ്ങളുമായി ബന്ധങ്ങളോ ഇല്ലാത്ത വ്യക്തികള്‍ പോലും തട്ടിപ്പുകള്‍ക്കായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ന പേരില്‍ രംഗത്തിറങ്ങുന്നു. ഇത്തരം വ്യാജ മാധ്യമങ്ങള്‍ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളോ സാമൂഹ്യവിരുദ്ധ ശക്തികളോ ഉണ്ടാകാമെന്ന് കോം ഇന്ത്യ സംശയം പ്രകടിപ്പിച്ചു. ചിലര്‍ക്ക് വെബ്സൈറ്റുകള്‍ പോലുമില്ല. ഫേസ്ബുക്ക് പേജുകളില്‍ തലക്കെട്ടുകള്‍ മാത്രം നല്‍കി തങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനങ്ങളെ സമീപിക്കുന്ന രീതിയും വ്യാപകമാണ്.
കൂടാതെ, ഇത്തരം വ്യാജ മാധ്യമപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ചില അസോസിയേഷനുകള്‍ രൂപീകരിക്കുകയും, അതിന്‍റെ പേരില്‍ കൂട്ടായ പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഈ ബ്ലാക്ക് മെയിലിംഗ് രീതിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോം ഇന്ത്യയുടെ പരാതിയില്‍ പറയുന്നു. ഈ വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്, പരാതി ലഭിച്ച ഉടന്‍തന്നെ എ.ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുമ്പ് സമാനമായ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
മാധ്യമപ്രവര്‍ത്തന പശ്ചാത്തലമില്ലാത്ത ഇത്തരം വെബ്സൈറ്റുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ പലപ്പോഴും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും, സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമായിട്ടുണ്ട്. പണം നല്‍കിയില്ലെങ്കില്‍ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ജനപ്രതിനിധികളെപ്പോലും ഇവര്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടി.
കേരളാ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് (പി.ആര്‍.ഡി) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്, മിനിമം വായനക്കാരുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നുണ്ട്. നാനൂറിലധികം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പി.ആര്‍.ഡിയില്‍ അപേക്ഷിച്ചെങ്കിലും, സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം മിനിമം യൂണിക് വിസിറ്റേഴ്സ് ഉള്ള 28 മാധ്യമങ്ങള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്.
എന്നാല്‍ അംഗീകാരമോ മതിയായ വായനക്കാരോ ഇല്ലാത്ത ഇത്തരം മാധ്യമങ്ങളാണ് ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്ലാക്ക് മെയിലിംഗും പണപ്പിരിവുമായി പൊതുസമൂഹത്തെ കബളിപ്പിക്കുന്നതെന്നും കോം ഇന്ത്യ തങ്ങളുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പൊലീസ് തലത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
Kerala Police has initiated action against fake online media and YouTube channels following a complaint from COM India. The move aims to curb blackmailing and extortion by these entities.
#KeralaPolice, #FakeNews, #OnlineMedia, #Blackmailing, #COMIndia, #CyberCrime