Murder | 'ചന്തേര സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറെ ഭർത്താവ് വെട്ടിക്കൊന്നു'

● വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിന് കാരണം.
● കൊലപാതകം നടന്നത് കരിവെള്ളൂരിലാണ്
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കരിവെള്ളൂർ: (KasargodVartha) ചന്തേര പൊലീസ് സ്റ്റേഷനിലെ വനിതാ ഓഫീസറെ ഭർത്താവ് വെട്ടിക്കൊന്നതായി പൊലീസ് പറഞ്ഞു. കരിവെള്ളൂർ പലിയേരി സ്വദേശിയായ ദിവ്യശ്രീ (35) യാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം മുങ്ങിയ ഭർത്താവ് രാജേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു.
ദിവ്യശ്രീയും ഭർത്താവും ഓടോറിക്ഷ ഡ്രൈവറുമായ രാജേഷും ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെങ്കിലും ദിവ്യശ്രീ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് രാജേഷ് ആയുധവുമായി ദിവ്യശ്രീയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.
കൊലനടത്താനായി പെട്രോളും കൊടുവാളുമായാണ് രാജേഷ് വീട്ടിലെത്തിയത്. പെട്രോൾ ദിവ്യശ്രീയുടെ ദേഹത്ത് ഒഴിക്കാൻ ശ്രമിച്ചത് കഴിയാതെയോടെയാണ് വെട്ടിയത്. ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടേറ്റു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പിതാവ് വാസുവിനും കൈക്കും വയറിനുമായി വെട്ടേറ്റത്. ദിവ്യശ്രീ സംഭവസ്ഥലത്തുവച്ച് മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വാസുവിനെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി ദിവ്യശ്രീയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റി. ഭർത്താവ് രാജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
#JusticeForDivya #StopDomesticViolence #KeralaCrime #WomenSafety #IndianPolice