Scam | കുവൈത്തിലെ ഗള്‍ഫ് ബാങ്ക് തട്ടിപ്പ്: നഴ്‌സ്മാരടക്കമുള്ള മലയാളികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം

● എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകള്‍.
● പ്രതികളായ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നീക്കം.
● തട്ടിപ്പിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സംശയം.
● കോവിഡ് സാമ്പത്തിക പ്രതിസന്ധിയാക്കിയെന്ന് വായ്പയെടുത്തവര്‍.
കൊച്ചി: (KasargodVartha) ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കി കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍നിന്നും കോടികള്‍ വായ്പ എടുത്തശേഷം മുങ്ങിയെന്ന പരാതിയില്‍ നഴ്‌സ്മാരടക്കമുള്ള മലയാളികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം. 1400ല്‍ പരം മലയാളികള്‍ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന.
ഗള്‍ഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കേരളത്തിലെത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, കോട്ടയം ജില്ലകളിലായി 10 പേരെ തിരിച്ചറിയുകയും നിലവില്‍ 10 കേസുകള്‍ രജിസ്റ്ററും ചെയ്തു. ഇതില്‍ എട്ടെണ്ണവും എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. പ്രതികളായ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നീക്കം ബാങ്ക് അധികൃതര്‍ തുടങ്ങിയെന്നാണ് വിവരം.
60 ലക്ഷം മുതല്‍ 2 കോടി രൂപ വരെയാണ് ഓരോരുത്തരും കുവൈത്തിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തതെന്നും ആദ്യത്തെ കുറച്ച് തവണകള്‍ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നുമാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക്ക, കാനഡ, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്റെ സഹായം തേടിയത്. നിലവില്‍ കേരളത്തില്‍ കണ്ടെത്തിയ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
മൂന്നു മാസം മുന്‍പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പ് കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം ചെറിയ തുകകള്‍ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകള്‍ വായ്പ എടുത്തശേഷം നാട്ടിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ കടക്കും. വായ്പ എടുത്തവരുടെ നാട്ടിലെ വിലാസം ബാങ്കിലുണ്ട്. ഈ വിലാസങ്ങള്‍ പൊലീസിന് കൈമാറി.
രാജ്യാന്തര കബളിപ്പിക്കലെന്ന് ബോധ്യപ്പെട്ടതോടെ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട്. ഓരോ ജില്ലയിലെയും ജില്ലാ ക്രൈംബ്രാഞ്ചുകളാകും കേസ് അന്വേഷിക്കുക. വിപുലമായ അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. വലിയ ഗൂഢാലോചന തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.
എന്നാല്‍ കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതാണ് ലോണ്‍ തിരിച്ചടവ് മുടങ്ങാന്‍ കാരണമെന്നാണ് പ്രതികളായവരുടെ വിശദീകരണം. കുവൈത്തിലെത്തിയ ശേഷം ഇടനിലക്കാര്‍ മുഖേനയാണ് ലോണ്‍ എടുത്തതെന്നും ഇവര്‍ പറയുന്നു.
#KuwaitLoanFraud #KeralaNurses #GulfBankScam #FinancialCrime #ExpatFraud