Arrested | ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചെത്തിയ യുവതി കാമുകന്റെ വീടിന് തീവെച്ചു; സംഭവം യുവാവിന്റെ മാതാവ് അനിഷ്ടം പ്രകടിപ്പിച്ചതിനാലെന്ന് മൊഴി
*ബാഗും വസ്ത്രങ്ങളും പുറത്തേക്ക് മാറ്റിയതിന് ശേഷം മണ്ണെണ്ണയൊഴിച്ചായിരുന്നു 35 കാരിയുടെ അതിക്രമം.
*കേസെടുത്തത് മാതാവിന്റെ പരാതിയില്‍.
*ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി.
കാസര്‍കോട്: (KasargodVartha) ഒന്നിച്ച് താമസിക്കുന്ന യുവാവിന്റെ വീടിന് 35 കാരി തീവെച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുമ്പള കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍ കുമാറിനൊപ്പം താമസിക്കുന്ന ഉഷയെ ആണ് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച (21.05.2024) രാത്രിയാണ് അക്രമം നടന്നത്. ഉഷക്ക് മക്കളും ഭര്‍ത്താവുമുണ്ട്. ഒന്നര വര്‍ഷമായി ഇവരെ ഉപേക്ഷിച്ച് നയന്‍ കുമാറിനൊപ്പം താമസിച്ച് വരികയായിരുന്നു യുവതി.
ഉഷയെ കൂടാതെ നയന്‍ കുമാറിന്റെ മാതാവും സഹോദരിയും വീട്ടില്‍ താമസമുണ്ട്. യുവതി കാമുകനൊപ്പം താമസിക്കുന്നതില്‍ മാതാവിന് എതിര്‍പ് ഉണ്ടായിരുന്നു. അതിനാല്‍ ഉഷയ്ക്കും മാതാവിനെ ഇഷ്ടമായിരുന്നില്ല. സംഭവദിവസം വീട്ടില്‍ നയന്‍ കുമാറിന്റെ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ഉഷ തന്റെ ബാഗും വസ്ത്രങ്ങളും പുറത്തേക്ക് മാറ്റിയതിന് ശേഷം മണ്ണെണ്ണയൊഴിച്ച് ഓടുമേഞ്ഞ വീടിന് തീവെക്കുകയായിരുന്നു.
പുറത്തേക്ക് ഓടി രക്ഷപ്പെട്ട നയന്‍ കുമാറിന്റെ മാതാവ് ബഹളംവെച്ച് അയല്‍വാസികളെ വിവരമറിയിച്ചു. ഇവര്‍ ഓടിയെത്തി തീയണച്ചുവെങ്കിലും ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടമ്മ പറഞ്ഞു. നയന്‍ കുമാറിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് കുമ്പള പൊലീസ് കേസെടുത്ത് ഉഷയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.