‘കാസർകോട്ട് വൻ വാഹന മോഷണ സംഘം’: നാല് പേർ പിടിയിൽ; കാറും സ്കൂട്ടറും കണ്ടെടുത്തു; നിർണായകമായത് ജി പി എസ് സിഗ്നൽ
● വിദ്യാനഗർ, കുമ്പള പോലീസ് സ്റ്റേഷനുകളാണ് അന്വേഷണം നടത്തിയത്.
● മോഷണം പോയ ടൊയോട്ട ഗ്ലാൻസ കാർ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് നിന്ന് കണ്ടെടുത്തു.
● കാറിൻ്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ പതിച്ചിരുന്നു.
● കാർ മോഷ്ടിച്ചത് ആർസി ഉടമയുടെ മുൻ ഡ്രൈവറാണ്.
● എഎസ്പി ഡോ. എം നന്ദഗോപലൻ്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
കാസർകോട്: (KasargodVartha) ജില്ലയിൽ നടന്ന രണ്ട് വ്യത്യസ്ത വാഹന മോഷണക്കേസുകളിൽ നാല് പ്രതികളെ വിദ്യാനഗർ, കുമ്പള പോലീസ് സ്റ്റേഷനുകളിലെ അന്വേഷണ സംഘങ്ങൾ പിടികൂടി. കാർ മോഷണക്കേസിൽ ജി.പി.എസ്. സിഗ്നലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായകമായതെന്ന് പോലീസ് അറിയിച്ചു.
മധൂർ ഇസ്സത്ത് നഗറിലെ മുഹമ്മദ് മുസ്തഫ ഉപയോഗിച്ചിരുന്നതും മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതുമായ ടൊയോട്ട ഗ്ലാൻസ കാറും അതിലുണ്ടായിരുന്ന 32,000 രൂപയും മോഷണം പോയ കേസിലാണ് വിദ്യാനഗർ പോലീസ് അന്വേഷണം ശക്തമാക്കിയത്. കാറിനും പണത്തിനുമായി ആകെ 13,12,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
കാറിൽ സ്ഥാപിച്ചിരുന്ന ജി.പി.എസ്. സിഗ്നൽ പരിശോധിച്ചതിൽ, വാഹനം പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധി കടന്ന് തമിഴ്നാട് ഭാഗത്തേക്ക് നീങ്ങുന്നതായി കണ്ടെത്തി. ഈ വിവരം കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ ഭരത് റെഡ്ഡി പാലക്കാട് പോലീസ് മേധാവിയെ അറിയിച്ചതിനെ തുടർന്ന് അഗളി പോലീസ് നടപടിയെടുക്കുകയായിരുന്നു. തമിഴ്നാട് മേട്ടുപ്പാളയത്ത് വെച്ച് വാഹനത്തെ പിന്തുടർന്ന് പിടികൂടുകയും ചെയ്തു.
വാഹനവുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ പാലക്കാട് മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അസ്ഹറുദ്ധീൻ (36) നെ അഗളി പോലീസ് പിടികൂടിയതായി റിപ്പോർട്ടിൽ പറയുന്നു. മോഷ്ടിക്കപ്പെട്ട കാറിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ പതിച്ച നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ റംസാൻ സുൽത്താൻ ബഷീർ (25) ആണ് ഒന്നാം പ്രതിയെന്നും കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ നാച്ചു എന്ന ഹാംനാസ് ടി എച്ച് (24) രണ്ടാം പ്രതിയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
ഒന്നാം പ്രതി, ആർസി ഉടമയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഡ്രൈവറെന്ന നിലയിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് ഇയാൾ മോഷണം നടത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ആർസി ഉടമയുടെ വീട്ടിൽ നിന്ന് കാറിന്റെ ഒറിജിനൽ ചാവി മോഷ്ടിച്ച് പകരം സാമ്യമുള്ള ഡമ്മി ചാവി വെച്ച ശേഷമാണ് കാറും പണവും കൈക്കലാക്കിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കാർ വിറ്റതിന് ശേഷം ലഭിച്ച വരുമാനത്തിൽ നിന്നുള്ള 1,40,000 രൂപ രണ്ടാം പ്രതിയുടെ താമസസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് പെരുമ്പള കുണ്ടടുക്കത്ത് നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ ഇരു പ്രതികൾക്കും കാസർകോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
സ്കൂട്ടർ മോഷണം
കുമ്പള റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ആസെസ് 125 സ്കൂട്ടർ നവംബർ 16-ന് മോഷണം പോയ കേസും പോലീസ് തെളിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അലക്സ് ഡൊമിനിക് (25) മംഗളൂരിൽ മറ്റൊരു കേസിൽ പിടിയിലായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പോലീസ് മംഗളൂരിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കാസർകോട് എഎസ്പി ഡോ. എം നന്ദഗോപലന്റെ മേൽനോട്ടത്തിലായിരുന്നു രണ്ട് കേസുകളിലെയും അന്വേഷണം. വിദ്യാനഗർ എസ് എച്ച് ഒ ഷൈൻ കെ പി, കുമ്പള ഇൻസ്പെക്ടർ മുകുന്ദൻ ടി കെ, എസ് ഐ പ്രദീപൻ, വിദ്യാനഗർ എസ് ഐ സുരേഷ് കുമാർ, ജൂനിയർ എസ് ഐ സഫ്‌വാൻ കെപി, എ എസ് ഐ മാരായ ഷീബ, നാരായണൻ ടി വി, പ്രദീപ് കുമാർ, എസ് സിപിഒ ഹരീഷ് ടി, സി പി ഒമാരായ പ്രമോദ്, ഷീന, രേഷ്മ, ഉണ്ണികൃഷ്ണൻ, ഉഷസ്സ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Four arrested in Kasaragod for two vehicle thefts; car and scooter recovered with GPS and CCTV help.
#KasaragodCrime #VehicleTheft #GPSTracking #KeralaPolice #Arrest #CrimeNews






