Crime | 'പകൽ സമയത്ത് വീടുകളിൽ കയറി മോഷണം; ഒരു തെളിവും അവശേഷിപ്പിക്കാതെ വിദഗ്ധമായി രക്ഷപ്പെടും'; ഒടുവിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
● സൂരജിന്റെ അറസ്റ്റോടെ ദക്ഷിണ കന്നഡ ജില്ലയിലെ നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടായിരിക്കുകയാണ്.
● ഒരു തെളിവും അവശേഷിപ്പിക്കാതെ വിദഗ്ധമായി രക്ഷപ്പെടുന്നതിനാൽ ഇയാളെ കണ്ടെത്താൻ പൊലീസിന് ഏറെ പ്രയാസമുണ്ടായി.
● പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് അഭിനന്ദിക്കുകയും പ്രത്യേക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയെ ഭീതിയിലാഴ്ത്തി പകൽ സമയങ്ങളിൽ വീടുകളിൽ കയറി മോഷണം നടത്തിയിരുന്ന അന്തർസംസ്ഥാന മോഷ്ടാവായ കാസർകോട് സ്വദേശി ഒടുവിൽ പൊലീസിന്റെ പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സൂരജ് (36) എന്നയാളെയാണ് പുത്തൂർ, വിട്ല, കഡബ പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷണത്തിന് ഉപയോഗിച്ചിരുന്ന ആൾട്ടോ കാറും പൊലീസ് കണ്ടെടുത്തു. സൂരജിന്റെ അറസ്റ്റോടെ ദക്ഷിണ കന്നഡ ജില്ലയിലെ നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടായിരിക്കുകയാണ്. സൂരജിന്റെ മോഷണ രീതി പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരുന്നത്.
ആളില്ലാത്ത വീടുകൾ പകൽ സമയത്ത് നിരീക്ഷിച്ച ശേഷം പിൻവാതിൽ തകർത്ത് അകത്ത് കടക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്യുക എന്നതായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. ഒരു തെളിവും അവശേഷിപ്പിക്കാതെ വിദഗ്ധമായി രക്ഷപ്പെടുന്നതിനാൽ ഇയാളെ കണ്ടെത്താൻ പൊലീസിന് ഏറെ പ്രയാസമുണ്ടായി. എന്നാൽ, ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കഠിന പ്രയത്നത്താൽ പ്രതിയെയും മോഷണത്തിന് ഉപയോഗിച്ച വാഹനവും പിടികൂടാൻ സാധിച്ചു.
2024 ഡിസംബർ 20-ന് പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർവേ ഗ്രാമത്തിലെ ഭക്തക്കോടിയിൽ നടന്ന മോഷണമാണ് കേസിന്റെ വഴിത്തിരിവായത്. ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിലാണ് സൂരജ് കുടുങ്ങിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ മറ്റു പല മോഷണങ്ങളിലും പങ്കുള്ളതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഡബ, ബണ്ട് വാൾ റൂറൽ, വിട്ല പൊലീസ് സ്റ്റേഷൻ പരിധികളിലും ഇയാൾ സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്ന് 18 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വർണാഭരണങ്ങളും മോഷണത്തിന് ഉപയോഗിച്ച മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മാരുതി ആൾട്ടോ കാറും പൊലീസ് കണ്ടെടുത്തു.
ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് എൻ, അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ഡി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ പൂത്തൂർ ഡിവൈഎസ്പി അരുൺ നാഗേഗൗഡ, ബണ്ട്വാൾ ഡിവൈഎസ്പി വിജയ് പ്രസാദ് എന്നിവരുടെ നിർദേശാനുസരണം പൂത്തൂർ റൂറൽ ഇൻസ്പെക്ടർ രവി ബി എസ്, വിട്ല പൊലീസ് ഇൻസ്പെക്ടർ നാഗരാജ് എച്ച് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
ജംബൂരാജ് ബി മഹാജൻ, സുഷ്മ ജി ഭണ്ഡാരി, മുരുകേഷ്, ഉദയ രാധാകൃഷ്ണ, പ്രവീൺ റൈ പാൽത്താടി, ശരിയ, അദ്രാം, ഹരീഷ് ഗൗഡ, ഹരിശ്ചന്ദ്ര ഹർഷിത് ഗൗഡ, ചന്ദ്രശേഖർ ഗെജ്ജെള്ളി, ശരണപ്പ പാട്ടീൽ, ശങ്കർ സംശി, ഗദിഗപ്പ, വിവേക്, കുമാർ എച്ച്, നാഗേഷ് കെ.സി, സൈബർ വിഭാഗത്തിലെ ദിവാകർ, ഡ്രൈവർമാരായ യോഗേഷ്, നിതേഷ് കർനൂർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തെ ജില്ലാ പൊലീസ് സൂപ്രണ്ട് അഭിനന്ദിക്കുകയും പ്രത്യേക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
#Kasargod #Theft #PoliceOperation #Crime #SouthKarnataka #Arrest