Response | 'കരൾ നൽകിയവന്റെ കരൾ കത്തിച്ച് ചാമ്പലാക്കിയവൾ'; ഷാരോൺ വധക്കേസ് വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥർ

● 'ഗ്രീഷ്മയുടെ വധശിക്ഷ അന്വേഷണ സംഘത്തിന്റെ വിജയമാണ്'
● 'പ്രതി ആദ്യഘട്ടം മുതൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു'
● 'ഷാരോണും ആദ്യഘട്ടത്തിൽ ഗ്രീഷ്മയെ തള്ളിപ്പറഞ്ഞില്ല'
കാസർകോട്: (KasargodVartha) കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാലയിലെ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് (24) നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ച വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് അന്ന് അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു ഇപ്പോഴത്തെ കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയും, കാസർകോട് ഡിസിആർബി ഡിവെഎസ്പി കെ ജെ ജോൺസണും.
അന്വേഷണ സംഘത്തിന് പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡി ശിൽപ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഗ്രീഷ്മ ആദ്യഘട്ടം മുതൽ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അന്വേഷണ സംഘം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഇപ്പോളത്തെ വിജയമെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഈ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും വധശിക്ഷ പ്രതീക്ഷിച്ചിരുന്നതായും ഡി വൈ എസ് പി ജോൺസൺ അഭിപ്രായപ്പെട്ടു. ഇത് അന്വേഷണ ടീമിന്റെ വിജയമാണ്. ഗ്രീഷ്മ ആദ്യഘട്ടത്തിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ആദ്യഘട്ടത്തിൽ ഷാരോണും ഗ്രീഷ്മയെ തള്ളിപ്പറയാൻ ശ്രമിച്ചിട്ടില്ല. ഗ്രീഷ്മക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഡി വൈ എസ് പി വെളിപ്പെടുത്തി. കരൾ നൽകിയവന്റെ കരൾ കത്തിച്ച് ചാമ്പലാക്കിയവളാണ് ഗ്രീഷ്മയെന്നും ജോൺസൺ പ്രതികരിച്ചു. അന്ന് തിരുവനന്തപുരം റൂറൽ എസ് പിയായിരുന്ന ഡി ശിൽപയുടെ മേൽനോട്ടത്തിൽ കെ ജെ ജോൺസനാണ് കേസ് അന്വേഷിച്ചത്.
#SharonMurderCase #KeralaCrime #JusticeServed #PoliceInvestigation #GreeshmaVerdict #KasargodPolice