തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവേ കാസർകോട്ട് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
● വെള്ളരിക്കുണ്ട് പ്ലാത്തടം ബസ് വെയിറ്റിംഗ് ഷെഡിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
● ‘നാഗ്പൂർ ജയിലിൽ അടച്ച സ. റിജാസിനെ ഉടൻ മോചിപ്പിക്കുക’ എന്നതാണ് പോസ്റ്ററിലെ പ്രധാന ആവശ്യം.
● ‘ജനകീയ വിമോചന മുന്നണി ഏരിയ കമ്മിറ്റി’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
● സംഭവത്തെ തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് പട്രോളിംഗ് ശക്തമാക്കി.
● പോസ്റ്റർ മാവോയിസ്റ്റ് സംഘം പതിച്ചതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി.
വെള്ളരിക്കുണ്ട്: (KasargodVartha) തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാത്തടം ബസ് വെയിറ്റിംഗ് ഷെഡിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാസർകോട് ജില്ലയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ കാണുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിച്ചു വരികയാണ്.
വെള്ളിയാഴ്ച (17.10.2025) രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വിവരം വെള്ളരിക്കുണ്ട് പൊലീസിനെ അറിയിച്ചു. പിന്നാലെ വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടറും സംഘവും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും നടത്തി. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
‘ജനകീയ വിമോചന മുന്നണി ഏരിയ കമ്മിറ്റി’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. 'നാഗ്പൂർ ജയിലിൽ അടച്ച സ. റിജാസിനെ ഉടൻ മോചിപ്പിക്കുക', 'ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകൾ അവസാനിപ്പിക്കുക' തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
മുമ്പ് ജില്ലയിൽ കണ്ടിരുന്ന മാവോയിസ്റ്റ് പോസ്റ്ററുകൾ ന്യൂസ്‌പ്രിന്റിൽ കൈയെഴുത്ത് രീതിയിലായിരുന്നുവെങ്കിലും, ഇത്തവണ പതിച്ചതിൽ കമ്പ്യൂട്ടറിലും പ്രിന്ററിലും തയ്യാറാക്കിയ പ്രിൻ്റ് പോസ്റ്ററുകളാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു.
പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. സംശയാസ്പദരായ വ്യക്തികളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പോസ്റ്റർ മാവോയിസ്റ്റ് അനുകൂലമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും പോസ്റ്റർ മാവോയിസ്റ്റ് സംഘം പതിച്ചതാണോയെന്ന് അറിയില്ലെന്നുമാണ് കാസർകോട് ജില്ലാ പൊലീസ് ചീഫ് ബി വി വിജയഭാരത് റെഡിയും കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽ കുമാറും കാസർകോട് വാർത്തയോട് പ്രതികരിച്ചത്.
കാസർകോട് ജില്ലയിലെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Maoist posters spotted in Kasargod ahead of local elections, raising security alert.
#MaoistPoster #Kasargod #Vellarikund #ElectionSecurity #PoliceInvestigation #RiyasRelease






