ആയുധ നിർമാണം വാടകവീട്ടിൽ: കാസർകോട്ട് ഞെട്ടിക്കുന്ന കണ്ടെത്തൽ
● കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ രഹസ്യവിവരം.
● ബേക്കൽ, കാഞ്ഞങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ റെയ്ഡ്.
● പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
● നിരവധി നിർമാണ സാമഗ്രികളും കണ്ടെത്തി.
രാജപുരം: (KasargodVartha) കാസർകോട് ജില്ലയിൽ വൻ വ്യാജ ആയുധ നിർമാണശാല കണ്ടെത്തി. പോലീസ് നടത്തിയ റെയ്ഡിൽ തോക്കുകളും അവ നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ബേക്കൽ ഡിവൈഎസ്പി മനോജ് വി.വി, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വ്യാജ ആയുധ നിർമാണ യൂണിറ്റ് കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുത്തത്.

നിർമാണം പൂർത്തിയാക്കിയ രണ്ട് വ്യാജ തോക്കുകളും, നിർമാണത്തിലിരുന്ന ഒരു തോക്കും പോലീസ് പിടിച്ചെടുത്തു. കള്ളാർ കോട്ടക്കുന്ന് എന്ന സ്ഥലത്തുള്ള ജസ്റ്റിൻ എന്നയാളുടെ വാടക വീട്ടിലാണ് അജിത് കുമാർ എന്നയാൾ തോക്ക് നിർമാണം നടത്തിവന്നിരുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു റെയ്ഡ്. രാജപുരം എസ്ഐ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നിരവധി നിർമാണ സാമഗ്രികളും രഹസ്യമായി നിർമിച്ച തോക്കുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സംഘത്തിൽ ഗ്രേഡ് എസ്ഐ അബൂബക്കർ, സീനിയർ പോലീസ് ഓഫീസർമാരായ രതീഷ്, സുബാഷ് വി., ജിനേഷ്, നികേഷ്, സുബാഷ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ജയേഷ് എന്നിവരും പങ്കെടുത്തു.
കാസർകോട്ട് നടന്ന ഈ ആയുധ നിർമാണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Illegal arms manufacturing unit found in rented house in Kasaragod.
#Kasaragod #ArmsManufacturing #IllegalWeapons #KeralaPolice #CrimeNews #PoliceRaid






