Online Scam | നിക്ഷേപം നടത്തിയാൽ വൻലാഭമെന്ന് വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിൽ കാസർകോട്ടെ യുവാവിന് 26 ലക്ഷത്തിലധികം രൂപ നഷ്ടമായി

● നവംബർ 20 നും ഡിസംബർ 5 നും ഇടയിലാണ് തട്ടിപ്പ് നടന്നത്.
● അജ്ഞാതരായ പ്രതികൾക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി.
● ഓൺലൈൻ തട്ടിപ്പിൽ ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം.
കാസർകോട്: (KasargodVartha) ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തിയാൽ കൂടുതൽ ലാഭം നേടാം എന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്നും 26 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹസൻ കുഞ്ഞിയാണ് (42) തട്ടിപ്പിനിരയായത്. 2024 നവംബർ 20 നും ഡിസംബർ അഞ്ചിനും ഇടയിലാണ് സംഭവം നടന്നത്.
ഓൺലൈൻ വഴി ബന്ധപ്പെട്ട പ്രതികൾ, പണം നിക്ഷേപിച്ചാൽ ട്രേഡിംഗ് നടത്തി കൂടുതൽ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് വിശ്വസിച്ച് 26,10,000 രൂപ നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് ലാഭവിഹിതമോ, മുതൽ തുകയോ തിരികെ ലഭിച്ചില്ലെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ പ്രതികൾക്കെതിരെ ബിഎൻഎസ് 318(4), ഐടി ആക്ട് 66ഡി വകുപ്പുകൾ പ്രകാരം കേസെടുത്ത് കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലതരം മോഹന വാഗ്ദാനങ്ങൾ നൽകി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യാതിരിക്കുക, അതുപോലെ അജ്ഞാതരായ ആളുകളിൽ നിന്ന് വരുന്ന ഓഫറുകൾ വിശ്വസിക്കാതിരിക്കുക.
ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ പൊലീസിൽ റിപോർട് ചെയ്യണം. ടോൾ ഫ്രീ നമ്പർ ആയ 1930 ലേക്ക് വിളിച്ച് സൈബർ കുറ്റകൃത്യങ്ങൾ റിപോർട് ചെയ്യാം. എത്രയും പെട്ടെന്ന് റിപോർട് ചെയ്യുന്നതിലൂടെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും കുറ്റവാളികളെ പിടികൂടാനും സാധിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod man lost 26.1 lakhs in an online scam promising high returns on investment. Police have started an investigation into the incident.
#OnlineScam, #InvestmentFraud, #CyberCrime, #Kasaragod, #PoliceInvestigation, #FraudAlert