city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft | കാസർകോടും 'കുറുവ' മോഡൽ സംഘത്തിന്റെ നിഴലിൽ; കവർച്ച ഭീതിയിൽ ജനം; രാത്രിയിൽ അപരിചിതർ വന്ന് കോളിംഗ് ബെൽ അടിക്കുന്നു; അനുഭവം തുറന്നുപറഞ്ഞ് ഗൃഹനാഥൻ

Fear of Theft Rises in Kasaragod Amidst Nightly Incidents
Photo Credit: Screengrab from a Whatsapp video

● രാത്രിയിൽ അപരിചിതർ വന്ന് ഭീതിപരത്തുന്നു.
● പൊലീസ് പരിശോധനകൾ ശക്തമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
● രാത്രിയിൽ പുറത്തിറങ്ങാൻ പേടിയാകുന്ന സ്ഥിതിയാണ്.

കാസർകോട്: (KasargodVartha) ജില്ലയിൽ കവർച്ചകൾ വ്യാപകമായിരിക്കെ, രാത്രിയിൽ അപരിചിതർ വന്ന് വാതിൽ മുട്ടുകയോ കോളിംഗ് ബെൽ അടിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ജനങ്ങളിൽ ഭീതി പരത്തുന്നു. ആലപ്പുഴയിൽ കുറുവ സംഘത്തിന്റെ ആക്രമണങ്ങൾ വ്യാപകമായി റിപോർട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ ഭീതി കൂടുതൽ രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസം കമ്പാറിലെ എസ്എ അലി എന്നയാൾക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നു. 

രാത്രി മൂന്ന് മണിയോടെ അപരിചിതനായ ഒരാൾ വന്ന് കോളിംഗ് ബെൽ അടിക്കുകയായിരുന്നുവെന്ന് അലി കാസർകോട് വാർത്തയോട് പറഞ്ഞു. ഉള്ളിൽ നിന്ന് ആരാണെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടർന്ന് ജനൽ തുറന്ന് നോക്കിയപ്പോൾ ഒരാളെ കണ്ടു. വഴി തെറ്റിയെന്നും കാസർകോട്ടേക്ക് എങ്ങനെയാണ് പോകേണ്ടതെന്നും ഇയാൾ ചോദിച്ചു. വഴി പറഞ്ഞു കൊടുത്തെങ്കിലും പോകാൻ കൂട്ടാക്കാതെ ചോദ്യം ആവർത്തിച്ച് കൊണ്ടേയിരുന്നു. കഴി കാണിച്ച് തരാമോയെന്നും ഇയാൾ ചോദിച്ചു. 

താൻ പുറത്തിറങ്ങുന്നില്ലെന്ന് കണ്ടപ്പോൾ പൊടുന്നനെ തനിക്ക് തെറ്റ് പറ്റിയതായും മധൂരിലേക്കാണ് പോകേണ്ടതെന്നും വഴി കാണിച്ച് തരാമോയെന്നുമായി ചോദ്യം. വഴി പറഞ്ഞുകൊടുത്തെങ്കിലും അയാൾ പോയില്ല. ഒരുപക്ഷെ താൻ വാതിൽ തുറന്ന് പുറത്തുപോകാൻ ആയിരിക്കാം ഇയാൾ കാത്തുനിന്നത്. പിന്നീട് മറ്റൊരു മുറിയിൽ കയറി രഹസ്യമായി വാതിൽ തുറന്ന് നോക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ വണ്ടി എടുത്തു പോവുകയായിരുന്നുവെന്നും അലി കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇദ്ദേഹം കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ആലപ്പുഴയിൽ മണ്ണഞ്ചേരി പഞ്ചായതിലെ 11, 12 വാർഡുകളിലാണ് കുറുവ സംഘം കവർച്ച നടത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുട്ടു ഗ്രാമങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമായ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്. ആയുധധാരികളായ സംഘം എന്ന അർഥത്തിലാണ് തമിഴ്‌നാട് ഇന്റലിജൻസ് ഈ പേര് നൽകിയത്. തമിഴ്‌നാടൻ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്‌ടാക്കളുടെ കൂട്ടമാണ് കുറുവ സംഘമെന്നു പൊലീസ് പറയുന്നു. മുഖം മറച്ച് അർധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Fear of Theft Rises in Kasaragod Amidst Nightly Incidents

പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിർത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. വീടിന് പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. 

കുറുവ സംഘത്തിന്റെ രീതി പിന്തുടർന്ന് പുറത്തിറങ്ങുന്നവരെ ആക്രമിച്ച് മോഷണം നടത്താൻ പ്രദേശിക സംഘം ശ്രമിക്കുന്നുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, കാസർകോട്ട് പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്ന് പൊതുപ്രവർത്തകനായ ഹകീം കമ്പാർ പറയുന്നു. കവർച്ചകളുടെ വർധനവ് ജനജീവിതത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വീടുകളിൽ തനിച്ച് കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും വലിയ ഭീഷണിയാണിത്. രാത്രിയിൽ പുറത്തിറങ്ങാൻ പേടിയാകുന്ന സ്ഥിതിയാണ്. 

പൊലീസ് അധികൃതർ വിവിധയിടങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ കൃത്യമായും വിശദമായും പരിശോധിച്ച് അസാധാരണ സംഭവങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും ആവശ്യമാണെന്ന് ജനങ്ങൾ പറയുന്നു. അടുത്തിടെ ദീപാവലി ദിനത്തിൽ ഇരുട്ടിന്റെ മറവിൽ കമ്പാറിലെ ഭജന മന്ദിരത്തിൽ അതിക്രമിച്ച്  കയറി അവിടത്തെ കൊടി മരം നശിപ്പിക്കുകയും നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. മോഷണവും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയാണ് ജനം ആവശ്യപ്പെടുന്നത്.

#Kasaragod, #KuravaGang, #Theft, #PublicSafety, #KeralaNews, #Police

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia