Robbery | കാസർകോട് നഗരത്തെ ഞെട്ടിച്ച് 4 കടകളിൽ കവർച്ചാ പരമ്പര; പണവും സാധനങ്ങളും നഷ്ടപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കടകളിലെത്തി പരിശോധന നടത്തി
കാസർകോട്: (KasaragodVartha) നഗരത്തെ ഞെട്ടിച്ച് നാല് കടകളിൽ കവർച്ചാ പരമ്പര. ഒരിടത്ത് മോഷണ ശ്രമവുമുണ്ടായി. വിവിധയിടങ്ങളിലായി പണവും സാധനങ്ങളും നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി 12 മണിക്കും ഞായറാഴ്ച പുലർച്ചെ ഏഴ് മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം.
കറന്തക്കാട്ടെ സിറ്റി കൂൾ ഇലക്ട്രോണിക്സ് കടയുടെ മുൻവശത്തെ ഷടർ പൊളിച്ച് അകത്ത് കടന്ന മോഷ്‌ടാവ് മേശ വലിപ്പ് കുത്തി തുറന്ന് അതിനകത്ത് ഉണ്ടായിരുന്ന 40,000 രൂപയും 10,000 രൂപ വില വരുന്ന മിക്സിയുമാണ് മോഷ്ടിച്ചത്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖം മറച്ച മൂന്ന് പേർ ഷടർ തകർക്കുന്നതും, ഒരാൾ അകത്തുകയറുന്നതും, മോഷണം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
തായലങ്ങാടിയിലെ ചിലീസ് ഹൈപർ മാർകറ്റിന്റെ മുൻവശത്തെ ഷടർ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഓഫീസ് മുറിയിലെ കബോർഡിൽ ഉണ്ടായിരുന്ന 55,000 രൂപയാണ് കവർന്നത്.
അശ്വിനി നഗറിലെ ബേബി കാംപ് കടയുടെ ഷടർ കുത്തിത്തുറന്ന് 7000 രൂപ കവർന്നതായാണ് കണക്കാക്കുന്നത്. ഒരു പച്ചക്കറിക്കടയിലും മോഷണം നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കറന്തക്കാട് ദേശീയപാതയിലെ അജ്‍ഫാൻ ഡ്രൈ ഫ്രൂട് കടയിലാണ് മോഷണ ശ്രമമുണ്ടായത്. സംഭവത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കടകളിലെത്തി പരിശോധന നടത്തി. കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് ഊർജിത അന്വേഷണം നടത്തിവരികയാണ്. മോഷണ പരമ്പര നഗരത്തിലെ വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.