Merchants | കാസർകോട് നഗരത്തെ ഞെട്ടിച്ച കവർച്ച പരമ്പര: പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് വ്യാപാരികൾ; പ്രതികളെ ഉടൻ പിടികൂടണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ
മോഷണം വർധിക്കുന്നത് നഗരത്തിലെ വ്യാപാര സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്
കാസർകോട്: (KasaragodVartha) നഗരത്തെ ഞെട്ടിച്ച കവർച്ചകളിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ വ്യാപാരികൾ കനത്ത പ്രതിഷേധത്തിൽ. ആഴ്ചകൾക്ക് മുമ്പ് നഗരത്തിൽ നടന്ന കവർച്ചയിൽ ഇത് വരെയും പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ടി എ ഇല്യാസ് ആരോപിച്ചു. പൊലീസ് സ്റ്റേഷൻ പരിസരത്ത് തുറസായ വഴിയരികിൽ ഒരേ ദിവസം നടന്ന മൂന്ന് കവർച്ചകളിൽ തുമ്പുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ ഇത് വരെയായും പൊലീസിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എത്രയും പെട്ടെന്ന് മോഷ്ടാക്കളെ കണ്ടുപിടിക്കണമെന്നും, പൊലീസ് പട്രോളിംഗ് ശക്തമാക്കി കച്ചവടസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഷണം വർധിക്കുന്നത് നഗരത്തിലെ വ്യാപാര സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ച് പ്രതികളെ കണ്ടെത്തുകയും നഗരത്തിലെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത്.
ഇക്കഴിഞ്ഞ ജൂൺ 30ന് പുലർച്ചെയാണ് നഗരത്തെ ഞെട്ടിച്ച് വിവിധ കടകളിൽ കവർച്ചാ പരമ്പര അരങ്ങേറിയത്. വിവിധയിടങ്ങളിലായി പണവും സാധനങ്ങളും നഷ്ടപ്പെട്ടു. സംഭവത്തിന് ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രദേശത്ത് നിരീക്ഷണം ഊർജിതമാക്കിയും പ്രതികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്ന് അന്വേഷണ വൃത്തങ്ങൾ പറയുന്നു.