Arrest | കാസർകോട് നഗരത്തെ ഞെട്ടിച്ച കവർച്ചാ പരമ്പരയിൽ ഒടുവിൽ രണ്ടര മാസത്തിന് ശേഷം അറസ്റ്റ്; മുഖ്യപ്രതി പിടിയിൽ; പിന്നിൽ കർണാടകയിലെ കുപ്രസിദ്ധ സംഘം
● മറ്റുള്ളവർക്കായി അന്വേഷണം തുടരുന്നു.
● 300-ലധികം സിസിടിവി കാമറകൾ പരിശോധിച്ചു .
● പ്രതികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കവർച്ച കേസുകൾ.
കാസർകോട്: (KasargodVartha) നഗരഹൃദയത്തിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചയും രണ്ടിടങ്ങളിൽ കവർച്ച ശ്രമവും നടത്തിയ കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിയായ പ്രേംകുമാർ എന്നയാളാണ് പിടിയിലായത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടിയത്. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒട്ടേറെ കവർച്ച കേസുകളിൽ പ്രേംകുമാർ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ജൂൺ 30നാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ റെഡ് ചിലീസ് ഹൈപർമാർകറ്റിലും കറന്തക്കാട് ജംഗ്ഷനിലെ സിറ്റി കൂൾ ഇലക്ട്രോണിക്സ് കടയിലുമായി കവർച്ച നടന്നത്. ഈ സംഭവങ്ങൾ നഗരത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വ്യാപാരികൾ പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകി അന്വേഷണം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു
ഹൈപർ മാർകറ്റിൽ നിന്നു 55,000 രൂപയും സാധനങ്ങളും ഇലക്ട്രോണിക്സ് കടയിൽ നിന്നു മേശയിൽ ഉണ്ടായിരുന്ന 40,000 രൂപയും 10,000 രൂപ വിലമതിക്കുന്ന മിക്സിയുമാണ് നഷ്ടപ്പെട്ടത്. കറന്തക്കാട്ടെ ഡ്രൈ ഫ്രൂട്സ് കട, അശ്വിനി നഗറിലെ ബേബി ഷോപ് എന്നിവിടങ്ങളിലാണ് കവർച്ചശ്രമം നടന്നത്.
കാസർകോട് മുതൽ ബെംഗ്ളുറു വരെ സഞ്ചരിച്ച് 300-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിച്ചേർന്നത്. ഇതിൽ നിന്ന് കർണാടക രജിസ്ട്രേഷനിലുള്ള ഒരു ചുവന്ന കാറിൽ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദോഡ്ഡബല്ലാപുരയിലുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് കാസർകോട് ഇൻസ്പെക്ടർ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. വിദഗ്ധമായി ഷടർ പൊക്കി കവർച്ച നടത്തുന്ന സംഘമാണ് ഇവരെന്നും വിവിധ സംസ്ഥാനങ്ങളിൽ സ്വർണക്കട അടക്കമുള്ള കവർച്ചകൾ നടത്തിയതിന് ഇവർക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലേക്ക് കാറോടിച്ചെത്തി കവർച്ച ചെയ്യുകയാണ് ഇവരുടെ രീതിയെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ പി സുരേഷ് ബാബു, എൻ അരവിന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ ചന്ദ്രശേഖരൻ, പി സതീശൻ ചീമേനി, കെ ടി അനിൽ. ഗുരുരാജ്, രതീഷ് മയിച്ച, ജയിംസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
#KasaragodRobbery #KarnatakaGang #Arrest #Investigation #CrimeNews #LocalNews