തീരദേശത്തെ മണൽക്കൊള്ളയും പോലീസ് ഒത്താശയും: ഞെട്ടിക്കുന്ന വിവരങ്ങൾ
● മണൽ മാഫിയയുടെ സഹായം സ്വീകരിക്കുന്ന പോലീസുകാർ സേനയ്ക്ക് കളങ്കമാണ്.
● തീരദേശ മേഖലകളിൽ രാത്രിയിൽ വ്യാപകമായി മണൽ കടത്ത് നടക്കുന്നുണ്ട്.
● ചില സത്യസന്ധരായ പോലീസുകാർ ജീവൻ പണയം വെച്ച് മാഫിയകളെ നേരിടുന്നു.
● മാഫിയാ ബന്ധമുള്ള പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എം എം മുനാസിർ
കാസർകോട്: (KasargodVartha) മണൽ കടത്തുമായി ബന്ധപ്പെട്ട് മണൽ മാഫിയാ സംഘങ്ങൾക്ക് സഹായകമായ രീതിയിൽ പ്രവർത്തിച്ച പോലീസുകാർക്കെതിരെ ജില്ലയിൽ നടപടി വരുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ ഏഴോളം പോലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ സസ്പെൻഷൻ നേരിടേണ്ടി വന്നത്. എന്നിട്ടും പോലീസ് സേനയിൽ ഇപ്പോഴും മാഫിയാ ബന്ധം തുടരുന്നുവെന്നതിന്റെ ഒടുവിലത്തെ തെളിവാണ് വ്യാഴാഴ്ച കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്ക് ലഭിച്ച സസ്പെൻഷൻ.
മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് വാഹനത്തിൽ ഇടിച്ചു പോലീസുകാരെ കൊലപ്പെടുത്താൻ കാഞ്ഞങ്ങാട് വെച്ച് ശ്രമം നടന്നത് കഴിഞ്ഞ വർഷമായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് ഒട്ടനവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇത്തരം സംഭവങ്ങൾ തുടരുമ്പോഴാണ് പോലീസ്-മണൽ മാഫിയാ കൂട്ടുകെട്ട് പുറത്തുവരുന്നത് എന്നത് ജില്ലയിലെ പോലീസ് സേനയ്ക്ക് തന്നെ തീരാക്കളങ്കമായി മാറിയിരിക്കുന്നത്.
ജില്ലയിലെ തീരദേശ മേഖലകളിൽ ലോഡ് കണക്കിന് മണലാണ് രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോകുന്നത്. മണൽ മാഫിയയുമായുള്ള കൂട്ടുകെട്ട് കാരണം പോലീസ് തീരദേശ മേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെയുണ്ട്.
കടവുകളിൽ മണൽക്കൊള്ളക്കെതിരെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുമ്പോഴും തീരദേശ മണൽക്കൊള്ളയ്ക്കെതിരെ പോലീസ് കണ്ണടയ്ക്കുന്നുവെന്നാണ് പരാതി. മഞ്ചേശ്വരം, ഉപ്പള, കുമ്പള, ചെമ്പരിക്ക തീരദേശ മേഖലകളിലാണ് കൂടുതലും മണൽക്കൊള്ള നടക്കുന്നത്. ശക്തമായ കടലാക്രമണത്തിലും തീരത്ത് മണൽക്കൊള്ള തുടരുന്നുമുണ്ട്.
നൈറ്റ് പട്രോളിങ് നടത്തുന്ന പോലീസുകാരാണ് മണൽ മാഫിയകളെ സഹായിക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. ചില സത്യസന്ധരായ പോലീസുദ്യോഗസ്ഥർ ജീവൻ പണയം വെച്ചാണ് മണൽ മാഫിയാ സംഘങ്ങളെ നേരിടുന്നത്.
ഇതിനിടയിലാണ് മണൽ മാഫിയാ സംഘങ്ങളെ സഹായിക്കുന്ന പോലീസിലെ ചില കള്ളനാണയങ്ങൾ ഉണ്ടെന്നത് കുമ്പളയിലെ നടപടിയിലൂടെ പുറത്തുവരുന്നത്. ഇത് ജില്ലയിലെ പോലീസ് മേധാവികൾ ഇപ്പോൾ ഗൗരവത്തിൽ എടുത്തിട്ടുമുണ്ട്. ഇതേത്തുടർന്നാണ് ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണൽ കടത്ത് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.
തീരദേശങ്ങളിലെ മണൽക്കൊള്ളയ്ക്കെതിരെ തീരദേശവാസികൾ നിരവധി പരാതികൾ നേരത്തെ തന്നെ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നുവെങ്കിലും ശക്തമായ നടപടികൾ ഉണ്ടാകാത്തതാണ് പോലീസുകാർക്ക് ഇത്തരം മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടാക്കാൻ സഹായകമായത്. രാത്രികാല മണൽക്കൊള്ള നടക്കുമ്പോൾ പോലീസിനെ നിരീക്ഷിക്കാൻ മണൽ മാഫിയകളുടെ വാട്സ്ആപ്പ് ചാരക്കണ്ണ് പ്രവർത്തിക്കുന്നുവെന്ന് കഴിഞ്ഞാഴ്ച കസർകോട് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നതുമാണ്.
മാഫിയാ ബന്ധം വെച്ചുപുലർത്തുന്ന ഇത്തരം പോലീസുകാർക്കെതിരെ സസ്പെൻഷൻ നടപടിയല്ല, സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. മണൽ മാഫിയക്കാരിൽ നിന്ന് സഹായം കൈപ്പറ്റി സസ്പെൻഷൻ നടപടി നേരിടുന്ന പോലീസുകാരുടെ ശമ്പളം തിരിച്ചുപിടിക്കാനും സർക്കാർ നടപടി ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
മണൽ മാഫിയാ ബന്ധത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: Police action against sand mafia nexus in Kasaragod for the second time.
#Kasaragod #SandMafia #PoliceCorruption #KeralaPolice #CrimeNews #Corruption






