Court | 'ആ സമയത്ത് എനിക്ക് പ്രായപൂർത്തിയായിരുന്നില്ല', എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ മുഹമ്മദ് ഹാജി വധക്കേസിലെ മൂന്നാം പ്രതി കോടതിയിൽ
പ്രതിയോട് രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്
കാസർകോട്: (KasargodVartha) അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തിയ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികൾക്കുമുള്ള ശിക്ഷ പറയുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റിയത് വിധി പ്രസ്താവം സത്യസന്ധമാക്കുന്നതിനായി. നേരത്തെ ശനിയാഴ്ച ഉച്ചയ്ക്ക് വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ്, കെ ശിവപ്രസാദ് എന്ന ശിവൻ, കെ അജിത് കുമാർ എന്ന അജ്ജു, കെ ജി കിഷോർ കുമാർ എന്ന കിഷോർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷയിൽ ഇളവ് ലഭിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്ന് നാല് പേരോടും കോടതി ചോദിച്ചപ്പോൾ മൂന്നാം പ്രതി അജിത് കുമാർ തനിക്ക് സംഭവ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കോടതിയോട് പറഞ്ഞു.
ഇതോടെ ഇയാളോട് രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നാല് പ്രതികളിൽ ഒരാൾ മാത്രമാണ് താൻ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് പറഞ്ഞത്. കേസിന്റെ വിചാരണയുടെ തുടക്കത്തിൽ സിആർപിസി 313 സെക്ഷൻ പ്രകാരം കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന സമയത് ജഡ്‌ജ് നേരിട്ട് പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ പ്രതിയോ പ്രതിയുടെ അഭാഷകനോ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നാണ് വിവരം.
ഇപ്പോൾ, സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് വിധി പ്രസ്താവം സത്യസന്ധമാക്കുന്നതിനായി പ്രതിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് വിധി പ്രഖ്യാപിക്കുന്നത് 29ലേക്ക് മാറ്റിയത്. പ്രതികളെ എല്ലാവരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. 2008ൽ കാസർകോട് നടന്ന വർഗീയ സംഘർഷങ്ങളിലാണ് ഏപ്രിൽ 18ന് മസ്ജിദിലേക്ക് പോകുന്നതിനിടെ സി എ മുഹമ്മദ് ഹാജി കൊല്ലപ്പെട്ടത്. അട്കത്ബയല്‍ ബിലാല്‍ മസ്ജിദ് പ്രസിഡന്റ് കൂടിയായിരുന്നു അന്ന് മുഹമ്മദ് ഹാജി.