Verdict | മുഹമ്മദ് ഹാജി വധം: 4 പ്രതികളെയും റിമാൻഡ് ചെയ്‌തു; വിധി പറയുന്നത് 29ലേക്ക് മാറ്റി; 30 വർഷത്തിന് ശേഷം വർഗീയ സംഘർഷ കേസിലെ ആദ്യ ശിക്ഷാവിധി
* 11ൽ ഒമ്പതിലും പ്രതികളെ വെറുതെ വിട്ടപ്പോൾ ഒന്നിൽ മാത്രം ശിക്ഷ
* തുടക്കത്തിൽ ഹാജരായത് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള
കാസർകോട്: (KasargodVartha) അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികൾക്കുമുള്ള ശിക്ഷ പറയുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിധി പറയേണ്ടിയിരുന്നത്. സംഭവം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് മൂന്നാം പ്രതി അറിയിച്ചതോടെയാണ് രേഖകൾ ഹാജരാക്കാൻ ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ എല്ലാവരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2008ൽ കാസർകോട് നടന്ന വർഗീയ സംഘർഷങ്ങളിൽ നാല് പേരാണ് തുടർച്ചയായുള്ള ദിവസങ്ങളിൽ കൊല്ലപ്പട്ടത്. ഇതിന് ശേഷം മറ്റ് നിരവധി വർഗീയ കേസുകളും കാസർകോട് നടന്നിരുന്നു.
ആകെ 11 കേസുകളിൽ ഒമ്പത് കേസുകളിലെ പ്രതികളെയും കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് വെറുതെ വിട്ടിരുന്നു. പത്താമത്തെ കേസായ മുഹമ്മദ് ഹാജിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 11-ാമത്തെ കേസായ അഡ്വ. സുഹാസ് വധക്കേസ് തലശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
കേസിലെ ദൃക്സാക്ഷിയായ, സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായത്. കേസിന്റെ തുടക്കത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വ പി എസ് ശ്രീധരൻ പിള്ളയാണ് പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നത്. ഗവർണറായി നിയമിതനായ ശേഷം അദ്ദേഹത്തിന്റെ ജൂനിയറാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്. ഈ കേസിൽ സർകാർ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂടർ അഡ്വ. സി കെ ശ്രീധരൻ, അഡ്വ. കെ പി പ്രദീപ് കുമാർ എന്നിവരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.
അഡ്വ. സുഹാസിനെ കൊലപ്പെടുത്തിയ പിറ്റേ ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക്, അട്കത്ബയല്‍ ബിലാല്‍ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ്, മകൻ ശിഹാബിനൊപ്പം ഗുഡ്ഡെ ടെംപിൾ റോഡിലൂടെ നടന്നുപോകുമ്പോൾ നാല് പ്രതികൾ ചാടിവീഴുകയും രണ്ടുപേർ മുഹമ്മദിന്റെ കയ്യിൽ കടന്നുപിടിക്കുകയും, രണ്ടുപേർ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
അന്ന് വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന കാസർകോട് എ എസ് പി പി ബാലകൃഷ്ണൻ നായരാണ് ഈ കേസിന്റെ പ്രത്യേക അന്വേഷണം ഏറ്റെടുത്തത്. അദ്ദേഹം നടത്തിയ പഴുതുകളടച്ചുള്ള അന്വേഷണത്തിലൂടെയാണ് ഇപ്പോൾ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പായിരിക്കുന്നത്. 30 വർഷത്തിന് ശേഷം ഒരു വർഗീയ കൊലക്കേസ് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞുവെന്നത് പി ബാലകൃഷ്ണൻ നായരുടെ നേട്ടം തന്നെയാണ്.
ഇതിന് മുമ്പ് നടന്ന പല കൊലക്കേസുകളിലും അന്വേഷണങ്ങളിലെ വീഴ്ചയും നിയമത്തിലെ പഴുതും ഉപയോഗിച്ചാണ് പ്രതികളും രക്ഷപ്പെട്ടത്. പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്നതാണ് കാസർകോട് ഇത്തരം കേസുകൾ ആവർത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും ജനങ്ങൾ പറയുന്നു. ഏറ്റവും ഒടുവിൽ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെ വിട്ടത് ഏറെ വിവാദമായി. ഈ കേസിൽ വാദിഭാഗവും സർകാരും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.