Fraud | 'ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടി'; അന്വേഷണവുമായി പൊലീസ്
● റാങ്ക് മൈ ആപ് എന്ന വെബ്സൈറ്റിലൂടെയായിരുന്നു തട്ടിപ്പ്.
● ജൂൺ മുതൽ സെപ്റ്റംബർ വരെ പല തവണയായി പണം അയച്ചു.
● പൊലീസ് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ഓൺലൈൻ കംപനിയിൽ നിക്ഷേപം നടത്തി വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി വാഗ്ദാനം നൽകി കമീഷൻ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുതുക്കൈ ഉപ്പിലക്കൈയിലെ എം വിനോദിന്റെ പരാതിയിലാണ് കാവ്യ മനു, ജയപ്രകാശ്, എസ് ചാനൽ 9992 ടെലിഗ്രാം ഐഡി എന്നിവർക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ജൂൺ 14നും സെപ്റ്റംബർ 30നുമിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റാങ്ക് മൈ ആപ് ക്ലിക് ഡോട് കോം എന്ന വെബ്സൈറ്റിൽ പരാതിക്കാരൻ്റെയും മകളുടേയും ബാങ്ക് അകൗണ്ടിൽ നിന്നും പ്രതികളുടെ അകൗണ്ടിലേക്ക് പല തവണകളായി 40,77,040 രൂപ ഓൺലൈൻ ട്രാൻസാക്ഷൻ വഴി അയച്ചുകൊടുക്കുകയും കമീഷനായി 11,087 രൂപ തിരികെ നൽകുകയും ബാക്കി തുകയായ 40,65,953 രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
പൊലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓൺലൈനിൽ ആകർഷകമായ വാഗ്ദാനങ്ങൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കണമെന്നും അവർ നിർദേശിച്ചു. ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മുൻപ് അതീവ ജാഗ്രത പുലർത്തുകയും വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുകയും ചെയ്യണമെന്നും വിദഗ്ധർ ഉപദേശിക്കുന്നു.
#onlinescam #keralapolice #cybersecurity #financialfraud #investmentscam #beware