കാസർകോട്ടെ ഹോട്ടൽ പരിസരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘം കർണാടകയിൽ പിടിയിൽ; എസ്പിയുടെ കിടിലൻ നീക്കങ്ങൾ
● പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം.
● ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ കാർ നമ്പർ അന്വേഷണത്തിൽ നിർണ്ണായകമായി.
● ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കർണാടക, ഹൈദരാബാദ് പൊലീസുമായി ചേർന്ന് നീക്കം നടത്തി.
● പ്രതികൾ സഞ്ചരിച്ച കാർ ഉച്ചയ്ക്ക് 12:30-ഓടെ തലപ്പാടി ടോൾ ഗേറ്റ് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.
● ബുധനാഴ്ച സന്ധ്യയോടെ കർണാടകയിലെ സകലേഷ് പുരയിൽ വെച്ചാണ് സംഘത്തെ പിടികൂടിയത്.
കാസർകോട്: (KasargodVartha) പട്ടാപകൽ ഹോട്ടൽ പരിസരത്ത് നിന്ന് മേൽപ്പറമ്പ് സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തെ കർണാടക സകലേഷ് പുരയിൽ വെച്ച് ബുധനാഴ്ച സന്ധ്യയോടെ പൊലീസ് പിടികൂടി. യുവാവിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും രാത്രി വൈകിയോടെ കാസർകോട്ടെത്തിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കറന്തക്കാട്ടെ ഉഡുപ്പി ഹോട്ടലിന് മുന്നിൽ വെച്ചാണ് യുവാവിനെ സംഘം കാറിൽ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ആന്ധ്ര സ്വദേശികളാണെന്ന് തുടക്കത്തിൽ തന്നെ സൂചന ലഭിച്ചിരുന്നു. എ പി 40 ഇ യു 1277 എന്ന ആന്ധ്ര രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറിലാണ് യുവാവിനെ പിടിച്ചു കൊണ്ടുപോയതെന്ന് ഹോട്ടലിലെ സുരക്ഷാ ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് അന്വേഷണത്തിൽ നിർണ്ണായകമായി.
മാസ്ക് ധരിച്ച് ഹോട്ടൽ പരിസരത്ത് നിന്നിരുന്ന യുവാവിനരികിലേക്ക് പെട്ടെന്ന് സംഘം എത്തുകയും ഷർട്ടിന്റെ കോളറിൽ പിടിച്ച് ബലം പ്രയോഗിച്ച് മേൽപ്പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ തള്ളിക്കയറ്റി കടത്തിക്കൊണ്ടുപോവുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകിയ മൊഴി.
വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. പ്രതികൾ സഞ്ചരിച്ച കാർ ഉച്ചയ്ക്ക് 12:30-ഓടെ തലപ്പാടി ടോൾ ഗേറ്റ് കടന്നുപോയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഹൈദരാബാദ് പൊലീസിനെയും കർണാടക പൊലീസിനെയും ബന്ധപ്പെട്ട് നടത്തിയ സമർത്ഥമായ ഏകോപനത്തിനൊടുവിലാണ് പ്രതികൾ സകലേഷ് പുരയിൽ വെച്ച് പിടിയിലായത്. പരാതിക്കാർ ആരും ഇല്ലാത്തതിനാൽ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോയതാണ് യുവാവിനെ മോചിപ്പിക്കാൻ സഹായിച്ചത്.
പ്രതികളെ കാസർകോട്ടെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു എന്ന് അന്വേഷണ സംഘം പറഞ്ഞു.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Andhra gang arrested in Karnataka for kidnapping a youth from a hotel in Kasaragod.
#KasaragodNews #KidnappingCase #KeralaPolice #KarnatakaPolice #AndhraGang #KasargodVartha






