വീട് ബാറാക്കി മാറ്റി ദമ്പതികൾ; 170 ലിറ്റർ ഗോവൻ മദ്യശേഖരം പിടികൂടി; യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

● മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനീതയാണ് അറസ്റ്റിൽ.
● രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് റെയ്ഡ്.
● '20 പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചത്.'
● 'ഒളിവിലുള്ള വിനോദ് കുമാർ മുൻപും മദ്യക്കടത്ത് കേസിൽ പ്രതി.'
● കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി.
കാസർകോട്: (KasargodVartha) വീട് ബാറാക്കി മാറ്റി മദ്യ വിൽപ്പന നടത്തിയ ദമ്പതികളിൽ യുവതി അറസ്റ്റിൽ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻ്റ് നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം പിടികൂടിയത്. സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനീത (36) ആണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയാണ് യുവതി. രണ്ടാം പ്രതിയായ ഭർത്താവ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ. വിനോദ് കുമാറിനെ (42) പിടികൂടാനായില്ല. ഇയാൾ ഒളിവിലാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ എക്‌സൈസ് എൻഫോഴ്‌സ്‌മെൻ്റ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് വീട് റെയ്ഡ് ചെയ്താണ് 20 പെട്ടികളിലായി സൂക്ഷിച്ച 170 ലിറ്റർ ഗോവൻ മദ്യം പിടികൂടിയത്. ആവശ്യക്കാർക്ക് വീട് ബാറാക്കി മാറ്റി അവിടെവെച്ച് മദ്യം എത്തിച്ചു കൊടുക്കുകയായിരുന്നു ദമ്പതികളുടെ രീതിയെന്ന് എക്‌സൈസ് വ്യക്തമാക്കി.
അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സി.കെ.വി. സുരേഷിന്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി. യുവതിയുടെ ഭർത്താവ് വിനോദ് കുമാർ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണെന്നും എക്‌സൈസ് പറഞ്ഞു.
മദ്യവേട്ട നടത്തിയ സംഘത്തിൽ ഗ്രേഡ് പ്രിവൻ്റിവ് ഓഫീസർമാരായ കെ നൗഷാദ്, കെ ആർ പ്രജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, ടി വി അതുൽ, വി വി ഷിജിത്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ വി റീന, ടി വി ധന്യ എന്നിവരും ഉണ്ടായിരുന്നു.
അനധികൃത മദ്യവിൽപ്പനയെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഈ പോസ്റ്റ് ഷെയർ ചെയ്യൂ.
Article Summary: Couple converts home to bar; 170L illicit liquor seized, wife arrested.
#KeralaExcise #IllicitLiquor #Kasaragod #CrimeNews #GoaLiquor #IllegalBar