വിവാഹ വാഗ്ദാനം നൽകി പീഡനം; 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് റിമാൻഡിൽ
● മടിക്കൈ പഞ്ചായത്ത് പരിധിയിലെ ശ്രീജിത്തിനെ അമ്പലത്തറ പോലീസ് പിടികൂടി.
● യുവതിയുടെ വീട് വിൽക്കാനും പണയം വെക്കാനും നിർബന്ധിച്ച് പണം കൈക്കലാക്കി.
● വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ എത്തിച്ച് പലതവണ പീഡിപ്പിച്ചെന്ന് പരാതി.
● 10 ലക്ഷം രൂപയിലധികം തട്ടിയെടുത്ത ശേഷം പ്രതി വിവാഹത്തിൽ നിന്ന് പിന്മാറി.
● സമാനരീതിയിൽ മറ്റ് സ്ത്രീകളെയും ഇയാൾ സമീപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
● ഹോസ്ദുർഗ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) വിവാഹ വാഗ്ദാനം നൽകി 39 വയസ്സുകാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപയിലധികം തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് പോലീസിൻ്റെ പിടിയിലായി. മടിക്കൈ പഞ്ചായത്ത് പരിധിയിലെ ശ്രീജിത്ത് (42) എന്നയാളെ ആണ് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ഒ സി ഷാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വിവാഹബന്ധം വേർപെടുത്തി മലയോര മേഖലയിൽ താമസിച്ചിരുന്ന യുവതിയുമായി പ്രതി പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൻ്റെ മറവിൽ യുവതിയിൽ നിന്ന് വലിയ സാമ്പത്തിക നേട്ടങ്ങളും പ്രതി കൈവശപ്പെടുത്തിയതായി ആരോപണമുണ്ട്. യുവതിയുടെ പേരിലുണ്ടായിരുന്ന വീട് നിർബന്ധിച്ച് വിൽപ്പന നടത്തിച്ചതിന് പിന്നാലെ പ്രതി മറ്റൊരു സ്ഥലത്ത് ചെറിയ വീടും സ്ഥലവും വാങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ഇതിന് ശേഷം ബാക്കിയുണ്ടായിരുന്ന തുകയും പുതുതായി വാങ്ങിയ വീടും സ്ഥലവും ബാങ്കിൽ പണയം വെപ്പിച്ചും വിവിധ ആവശ്യങ്ങൾ പറഞ്ഞും 10 ലക്ഷം രൂപ പ്രതി കൈപ്പറ്റിയെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് ശ്രീജിത്ത് പിന്മാറിയതോടെയാണ് യുവതി അമ്പലത്തറ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൻപ് പുങ്ങംചാൽ സ്വദേശിനിയെ വിവാഹം ചെയ്തിരുന്ന ശ്രീജിത്ത് പിന്നീട് ആ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നുവെന്നും ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരപ്പയിലെ ഒരു സ്റ്റുഡിയോയിൽ ജീവനക്കാരനായി പ്രവർത്തിച്ചിരുന്ന ഇയാൾ വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകളെ ലക്ഷ്യമാക്കി സമീപിക്കുകയും വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്ന വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച പരപ്പ - ക്ലായിക്കോട് സ്വദേശിനിയെയും വിവാഹ വാഗ്ദാനം നൽകി സമീപിച്ചതിന് പിന്നാലെ അവരുടെ വീട്ടിലെത്തിയതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വ്യക്തമാക്കി. സമാനരീതിയിൽ മറ്റാർക്കെങ്കിലും ഇയാളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. എഎസ്ഐ പ്രിയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ, ഡ്രൈവർ സന്തോഷ് ഉൾപ്പെടെയുള്ളവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Ambalathara police remanded a 42-year-old man for allegedly cheating and sexually assaulting a divorced woman under a false marriage promise.
#KasaragodNews #Kanhangad #AmbalatharaPolice #KeralaCrimeNews #CrimeNewsMalayalam #KeralaPolice #AnjuNews






