Seizure | കാസർകോട്ട് വിവിധയിടങ്ങളിൽ ലഹരിവേട്ട; നിരോധിത പുകയില ഉത്പന്നങ്ങളും കർണാടക മദ്യവും പിടികൂടി
● കാസർകോട്ട് 78 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി
● കർണാടകയിൽ നിന്ന് കടത്തിയ 60 ലിറ്റർ മദ്യം മഞ്ചേശ്വരത്ത് കണ്ടെത്തി
● ലഹരി കടത്തിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ
കാസർകോട്: (KasargodVartha) ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ലഹരിവേട്ടയിൽ പൊലീസും എക്സൈസ് വകുപ്പും ചേർന്ന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും കർണാടകയിൽ നിന്ന് മദ്യം കടത്താനുള്ള ശ്രമവും അധികൃതർ തടഞ്ഞു.
കാസർകോട് പൊലീസ് നടത്തിയ പരിശോധനയിൽ 78 പാകറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിലായി. ഉളിയത്തടുക്ക ബസ് സ്റ്റോപിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് യു എം ഇബ്രാഹിം (51) എന്നയാൾ പോലീസിന്റെ പിടിയിലായത്. കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കർണാടകയിൽ നിന്ന് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ എക്സൈസ് ചെക്ക്പോസ്റ്റ് ടീമും കെമു ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഹോണ്ട സിറ്റി കാറിൽ കടത്താൻ ശ്രമിച്ച 60.48 ലിറ്റർ കർണാടക മദ്യവും 48 ലിറ്റർ കർണാടക ബിയറും കണ്ടെത്തിയത്. തുടർന്ന് വാഹനവും കസ്റ്റഡിയിലെടുത്തു.
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സുനീഷ് മോൻ കെ.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഗോപി. കെ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രൻ. എം. കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രമേശൻ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹന കുമാർ, ലിജു, ഷിജിത്ത് വി.വി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ലഹരി കടത്തിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
#Kasaragod, #Drugs, #Seizure, #Excise, #Police, #Kerala