Complaint | കാസര്‍കോട്ട് ലോടറി തട്ടിപ്പ് അപാരത! 80 ലക്ഷം ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോടറിയുടെ 60 ടികറ്റ് വാങ്ങി വണ്ടിചെക് നല്‍കി കബളിപ്പിച്ചതായി പരാതി
കാസര്‍കോട്: (www.kasargodvartha.com) ഭാഗ്യപരീക്ഷണത്തിലും തട്ടിപ്പ് നടത്തുന്ന വിരുതന്‍ കാസര്‍കോട്ട് വിലസുന്നു. 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോടറിയുടെ 60 ടികറ്റുകള്‍ വാങ്ങി വണ്ടിചെക് നല്‍കി കബളിപ്പിച്ചതായി പരാതി. അബ്ദുല്ല എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ഷോപിംഗ് കോംപ്ലക്‌സില്‍ ഡിഎന്‍ എന്ന ലോടറി സ്റ്റാള്‍ നടത്തുന്ന മംഗല്‍പ്പാടി ലതാ നിവാസില്‍ ചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്.
ലോടറി നറുക്കെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് എത്തി ഒരേ സീരിയല്‍ നമ്പറിലുള്ള ടികറ്റ് നോക്കിവച്ച് ഈ ടികറ്റുകള്‍ ആര്‍ക്കും നല്‍കരുതെന്നും പിന്നീട് പണവുമായി വന്ന് ടികറ്റ് എടുത്തു കൊള്ളാമെന്നുമാണ് ഇയാള്‍ പറയുന്നത്. ഫോണ്‍ വിളിച്ച് പല വിധത്തിലുള്ള ഒഴിവു കഴിവുകള്‍ പറഞ്ഞ് ടികറ്റ് ആര്‍ക്കും കൊടുക്കാതെ നിര്‍ത്തി നറുക്കെടുപ്പിന്റെ തലേ ദിവസം വന്ന് ചെക് നല്‍കി ടികറ്റുമായി പോകുകയാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
ചന്ദ്രന്റെ പക്കലില്‍ നിന്നും കാരുണ്യ പ്ലസിന്റെ 12 സീരിയലില്‍ വരുന്ന 60 ടികറ്റാണ് കൊണ്ടുപോയത്. 3,000 രൂപയുടെ ചെകാണ് ഇയാള്‍ നല്‍കിയത്. വിശ്വാസം വരുത്താന്‍ ചെക് ബാങ്കില്‍ കൊടുക്കരുതെന്നും പിറ്റേ ദിവസം വന്ന് പണം നല്‍കിയാല്‍ ചെക് മടക്കി നല്‍കിയാല്‍ മതിയെന്നും പറയും. എടുത്ത ടികറ്റില്‍ സമ്മാനമില്ലെന്ന് അറിയുന്നതോടെ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് മുങ്ങുകയാണ് പതിവ്. നല്‍കിയ ചെക്കുമായി ബാങ്കില്‍ എത്തുമ്പോഴാണ് അക്കൗണ്ടില്‍ പണമില്ലാത്ത വണ്ടിച്ചെക്കാണ് നല്‍കിയതെന്ന് ഏജന്റുമാര്‍ അറിയുകയെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണത്തില്‍ അബ്ദുല്ല നിരവധി ഏജെന്റുമാരെ കബളിപ്പിച്ചിട്ടുണ്ടെന്ന് തട്ടിപ്പിനിരയായ ചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 5000 മുതല്‍ 25,000 രൂപ വരെ നഷ്ടപ്പെട്ട ഏജെന്റുമാര്‍ ഉണ്ടെന്നും ഇയാള്‍ സ്ഥിരം തട്ടിപ്പുകാരനാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് ചന്ദ്രന്‍ പറഞ്ഞു. വികലാംഗരായ ഏജന്റുമാരെ പോലും പറ്റിച്ചിട്ടുണ്ട്. എടുത്ത ടികറ്റില്‍ കാര്യമായ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇയാള്‍ ഇതേ ലോടറി സ്റ്റാളിലെത്തി പണം നല്‍കി ചെക്ക് തിരികെ വാങ്ങിക്കും. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, India, Lottery, Fraud, Crime, Cheating, Complaint, Top-Headlines, Latest-News, Kasaragod: Complaint that 60 tickets of Karunya Plus Lottery with first prize of 80 lakhs were bought and cheated by giving fake cheque