കാസർകോട് ചെട്ടുംകുഴിയിൽ വീട്ടിലെ ഗ്യാസ് വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി
● ഗ്യാസ് ഓൺ ചെയ്ത ഉടൻ തന്നെ വീട്ടുടമ പുറത്തിറങ്ങി.
● സ്ഫോടനത്തിൽ വീടിന്റെ ഗ്ലാസുകൾക്കും വാതിലിനും കേടുപാടുകൾ സംഭവിച്ചു.
● ഗ്യാസ് സിലിണ്ടർ വീടിന് പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി.
● നാല് വർഷം മുൻപ് സ്ഥാപിച്ച വിഗാർഡിന്റെ ഹീറ്ററാണ് പൊട്ടിത്തെറിച്ചത്.
കാസർകോട്: (KasargodVartha) വിദ്യാനഗർ താഴെ ചെട്ടുംകുഴിയിൽ വീട്ടിലെ, ഗ്യാസ് വാട്ടർ ഹീറ്റർ (Gas Geyser) ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. വൻ ദുരന്തമാണ് ഒഴിവായത്. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ചെട്ടുംകുഴിയിലെ ഹസൈനാർ ഹാജിയുടെ വീട്ടിലെ വാട്ടർ ഹീറ്ററാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. സ്ഫോടന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും വീട്ടുകാർക്ക് ആർക്കും പരിക്കേറ്റിരുന്നില്ല.
കുളിക്കാനായി വെള്ളം ചൂടാക്കാൻ ഗ്യാസ് ഓൺ ചെയ്തശേഷം താഴത്തെ കുളിമുറിയിൽ കയറിയതായിരുന്നു ഹസൈനാർ ഹാജി. അദ്ദേഹം കുളിച്ച് പുറത്തിറങ്ങിയ ഉടനെയാണ് വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഗ്യാസ് ഗെയ്സർ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ താഴത്തെ നിലയിൽനിന്ന് മുകളിലേക്ക് കയറുന്ന ഭാഗത്തെ പർഗോളയുടെ ഗ്ലാസ് തകരുകയും ഇവിടെ ഘടിപ്പിച്ചിരുന്ന കാർട്ടൻ കത്തുകയും ചെയ്തു. കൂടാതെ വീടിന്റെ മുൻവശത്തെ വാതിലിനും മുകൾനിലയിലെ ജനലിനും കേടുപാടുകൾ സംഭവിച്ചു.

ജനൽ ഗ്ലാസുകൾ തകരുകയും ചെയ്തു. ഗ്യാസ് സിലിണ്ടർ വീടിന് പുറത്ത് സ്ഥാപിച്ചിരുന്നതുകൊണ്ടും ഉടൻ ഗ്യാസ് ഓഫ് ചെയ്തത് കൊണ്ടുമാണ് വലിയ ദുരന്തം ഒഴിവായതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോൾ ഹസൈനാർ ഹാജിയുടെ ഭാര്യയും മകളും പുറത്തായിരുന്നു.
അപകടവിവരമറിഞ്ഞ് പഞ്ചായത്ത് മെമ്പർ ജലാലുദ്ദീൻ, വില്ലേജ് ഓഫീസർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ആർക്കും അപകടം സംഭവിക്കാത്തതിനാൽ ഫയർ ഫോഴ്സിനെ വിവരമറിയിച്ചിരുന്നെങ്കിലും അവർ സ്ഥലത്തെത്തിയിരുന്നില്ല.

നാല് വർഷം മുൻപ് സ്ഥാപിച്ച വിഗാർഡിന്റെ ഗ്യാസിൽ പ്രവർത്തിക്കുന്ന വാട്ടർ ഹീറ്ററാണ് പൊട്ടിത്തെറിച്ചത്. മുകളിലെ രണ്ട് ബെഡ്‌റൂമുകളിലെ കുളിമുറിയിലേക്കും താഴത്തെ നിലയിലെ രണ്ട് കുളിമുറിയിലേക്കും മുകളിൽ ഘടിപ്പിച്ച ഈ വാട്ടർ ഹീറ്ററിൽനിന്നാണ് ചൂടുവെള്ളം എത്തിയിരുന്നത്.
കേടുപാടുകൾ സംഭവിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരും പ്രദേശവാസികളും.
വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന മുൻകരുതലുകൾ എന്തെല്ലാമാണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: Gas water heater explodes in Kasaragod, a major disaster averted.
#GasHeater #Kasaragod #Accident #HouseFire #SafetyAlert #VGuard






