കാറുകൾ വാടകക്കെടുത്ത് മറിച്ച് വിൽപ്പന; കാസർകോട് കേന്ദ്രീകരിച്ച തട്ടിപ്പ് റാക്കറ്റിൻ്റെ തലവൻ പോലീസ് പിടിയിൽ
● ഹോസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശംസുദ്ദീൻ മുഹമ്മദിനെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്
● വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ എം പി വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്
● വിദ്യാനഗർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്
● വാടകയ്‌ക്കെടുക്കുന്ന കാറുകൾ എറണാകുളത്തെത്തിച്ച് മറ്റൊരു സംഘത്തിന് വിൽക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു
വിദ്യാനഗർ: (KasargodVartha) കാറുകൾ വാടകക്കെടുത്ത ശേഷം മറിച്ച് വാടകയ്ക്ക് നൽകുകയും പിന്നീട് വാഹനങ്ങൾ വിൽപ്പന നടത്തുകയും ചെയ്യുന്ന തട്ടിപ്പ് റാക്കറ്റിൻ്റെ തലവൻ പോലീസ് പിടിയിലായി.
റാക്കറ്റിൻ്റെ തലവൻ അറസ്റ്റിൽ
കാഞ്ഞങ്ങാട് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ശംസുദ്ദീൻ മുഹമ്മദിനെ(44)യാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ എം പി വിനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർ അന്വേഷണത്തിൽ നിരവധി വാഹന ഉടമകളെ ലക്ഷ്യമിട്ട് ഇയാൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചു.
തട്ടിപ്പിൻ്റെ രീതി
പോലീസ് പറയുന്നതനുസരിച്ച്, രണ്ടോ മൂന്നോ മാസത്തേക്ക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതായിരുന്നു തട്ടിപ്പിൻ്റെ ആദ്യഘട്ടം. വിശ്വാസം നേടിയ ശേഷം വാഹനങ്ങൾ മറ്റുള്ളവർക്ക് വീണ്ടും വാടകയ്ക്ക് നൽകും. ഇത്തരത്തിൽ ഒന്നിലധികം ആളുകൾക്ക് വാഹനങ്ങൾ മറിച്ച് വാടകയ്ക്ക് നൽകിയ ശേഷം കാർ എറണാകുളത്തേക്ക് കൊണ്ടുപോയി ഒരു സംഘത്തിന് വിൽക്കുന്നതായിരുന്നു രീതി.
80-ലധികം കാറുകൾ തട്ടിയെടുത്തു
വാഹനത്തിൻ്റെ യഥാർഥ ഉടമകൾ കാറിനെക്കുറിച്ച് അന്വേഷിക്കാൻ എത്തുമ്പോൾ ഇയാൾ മുങ്ങി നടക്കുന്നതായും പോലീസ് കണ്ടെത്തി. വിദ്യാനഗർ, കാസർകോട്, ബദിയടുക്ക, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 80-ലധികം കാറുകൾ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
കണ്ണൂർ, എറണാകുളം ജില്ലകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾ വാങ്ങിയ സംഘത്തെയും മറ്റ് കുറ്റാരോപിതരെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി വിദ്യാനഗർ ഇൻസ്പെക്ടർ പറഞ്ഞു.
ശംസുദ്ദീനെ പിടികൂടിയ സംഘത്തിൽ വിദ്യാനഗർ എസ്ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് എന്നിവരും ഉൾപ്പെട്ടിരുന്നു.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അന്വേഷണ നടപടികൾ തുടരുകയാണ്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക.
Article Summary: The mastermind of a car rental scam, identified as 44-year-old Shamsudheen Muhammad, was arrested by Vidyanagar police for allegedly embezzling and selling over 80 rented cars across multiple districts.
#Vidyanagar #KasaragodNews #CarRentalScam #KeralaPolice #CrimeNews #FraudCase






