city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crime | കള്ളൻമാർ വാഴുന്ന കാസർകോട് നഗരം! ഒറ്റ രാത്രിയിൽ 5 കടകളിൽ മോഷണവും കവർച്ച ശ്രമങ്ങളും; ആവർത്തിക്കുന്നതിൽ ആശങ്കയോടെ വ്യാപാരികൾ

Kasaragod Businesses Under Siege: Series of Robberies Spark Fear
Representational Image Generated by Meta AI

● രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം
● കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി സമാന കേസുകൾ
● അടുത്തിടെ നടന്ന മോഷണത്തിൽ ഒരു പ്രതിയെ പിടികൂടിയിട്ടുണ്ടെങ്കിലും മറ്റുള്ളവർ ഒളിവില്‍

കാസർകോട്: (KasargodVartha) നഗരത്തിൽ മോഷണങ്ങളും മോഷണ ശ്രമങ്ങളും ആവർത്തിക്കുന്നതിൽ വ്യാപാരികൾ  ആശങ്കയിൽ. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച രാവിലേയ്ക്കും ഇടയിലുള്ള സമയത്ത് നഗരത്തിലെ അഞ്ച് കടകളിലാണ് മോഷണമോ കവർച്ച ശ്രമങ്ങളോ ഉണ്ടായത്. തായലങ്ങാടി റയാൻ സിൽക്സ് ആൻഡ് ഡിസൈൻസ് എന്ന കടയുടെ ഷടർ തകർത്ത് കയറി 2000 രൂപ വില വരുന്ന അഞ്ചോളം സാരികളും ഏകദേശം 4000 രൂപ വിലവരുന്ന വെള്ളി കോയിൻ, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 200 രൂപയുമാണ് കവർന്നത്. 

 Kasaragod Businesses Under Siege: Series of Robberies Spark Fear

തായലങ്ങാടിയിലെ തന്നെചിലീസ് ഹൈപർ മാർകറ്റിന്റെ ഷടർ തകർത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ കടയെ നേരത്തെയും കള്ളന്മാർ ലക്ഷ്യം വെച്ചിരുന്നു. കെപിആർ റാവു റോഡിലെ ലുലു സിൽക്‌സ് കടയിലും, എംജി റോഡിലെ സ്മാർട് ടെക് മൊബൈൽ ഫോൺ കടയിലും, എംജി റോഡിലെ തന്നെ സ്വസ്തി മെഡികൽസ് എന്ന ഫാർമസിയിലും ഷടർ തകർത്ത് മോഷണ ശ്രമങ്ങൾ ഉണ്ടായി.

ഒരു വർഷത്തിനിടെ നഗരത്തിൽ നിരവധി സ്ഥാപനങ്ങളിൽ സമാന കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. നഗരഹൃദയത്തിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചയും രണ്ടിടങ്ങളിൽ കവർച്ച ശ്രമവും നടത്തിയ കേസിൽ ഒരു പ്രതിയെ രണ്ടര മാസത്തെ അന്വേഷണത്തിനൊടുവിൽ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒട്ടേറെ കവർച്ച കേസുകളിൽ പ്രതിയായ യുവാവാണ് പിടിയിലായത്.

കഴിഞ്ഞ ജൂൺ 30നാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ റെഡ് ചിലീസ് ഹൈപർമാർകറ്റിലും കറന്തക്കാട് ജംഗ്ഷനിലെ സിറ്റി കൂൾ ഇലക്ട്രോണിക്സ് കടയിലുമായി കവർച്ച നടന്നത്. ഹൈപർ മാർകറ്റിൽ നിന്നു 55,000 രൂപയും സാധനങ്ങളും ഇലക്ട്രോണിക്സ് കടയിൽ നിന്നു മേശയിൽ ഉണ്ടായിരുന്ന 40,000 രൂപയും 10,000 രൂപ വിലമതിക്കുന്ന മിക്സിയുമാണ് നഷ്ടപ്പെട്ടത്. കറന്തക്കാട്ടെ ഡ്രൈ ഫ്രൂട്സ് കട, അശ്വിനി നഗറിലെ ബേബി ഷോപ് എന്നിവിടങ്ങളിലാണ് കവർച്ചശ്രമം നടന്നത്.

ഈ കേസിൽ മറ്റ് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഈ സംഭവങ്ങൾ നഗരത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വ്യാപാരികൾ പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകി അന്വേഷണം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് വീണ്ടും ഒരേ സമയങ്ങളിലായി മോഷണവും കവർച്ച ശ്രമങ്ങളും ഉണ്ടായത്. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ കാലാകാലങ്ങളിലായി ആവശ്യപ്പെട്ട് വരികയാണ്.

പൊലീസ് രാത്രികാലങ്ങളിൽ പരിശോധന നടത്താറുണ്ടെങ്കിലും മോഷണം ആവർത്തിക്കുകയാണ്. ഇതോടൊപ്പം എല്ലാ കടകളിലും സിസിടിവി വെക്കണമെന്ന് പൊലീസും നിർദേശിക്കുന്നുണ്ട്. ഇത് മോഷണം തടയാനും കേസന്വേഷണത്തിനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നിരുന്നാലും രാത്രിയിൽ കണ്ണടച്ചുറങ്ങാൻ പോലും പേടിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. പൊലീസ് വേഗത്തിൽ പ്രതികളെ പിടികൂടുകയും നഗരത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

#KasargodRobberies, #KeralaCrime, #BusinessSecurity, #PoliceInvestigation, #LocalNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia