School | കാസർകോട്ട് സ്‌കൂളിന് നേരെ തീവെപ്പ്; പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും ബെഞ്ചും കത്തിനശിച്ചു; പിന്നിൽ സാമൂഹ്യ വിരുദ്ധരെന്ന് സംശയം
അക്രമം പതിവാണെന്ന് അധ്യാപകരും രക്ഷിതാക്കളും
കാസർകോട്: (KasaragodVartha) ബോവിക്കാനം ബി എ ആർ ഹയർ സെകൻഡറി സ്‌കൂളിന് കീഴിൽ പ്രവർത്തിക്കുന്ന എ യു പി സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസ് കെട്ടിടത്തിന് നേരെ തീവെപ്പ്. ജനൽ വഴി ക്ലാസ് മുറിക്കകത്തേക്ക് തീയിട്ടതായാണ് സംശയിക്കുന്നത്. ഞായറാഴ്ച സ്‌കൂൾ അവധിയതിനാൽ അന്ന് രാത്രിയായിരിക്കാം തീവെപ്പെന്ന് സംശയിക്കുന്നു.
തിങ്കളാഴ്ച രാവിലെ സ്‌കൂൾ തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് തീവെപ്പ് വിവരം അറിയുന്നത്. പ്രൈമറി ക്ലാസിലെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ബെഞ്ചും കത്തി നശിച്ചിട്ടുണ്ട്. തീവെപ്പുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക പ്രേമ ബിന്ദു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം പതിവാണെന്ന് അധ്യാപകരും രക്ഷിതാക്കളും കാസർകോട് വാർത്തയോട് പറഞ്ഞു. കുടിവെള്ളത്തിന്റെ ടാപ് പൊട്ടിക്കുക, ഗ്രിൽസിന്റെ പൂട്ട് തകർക്കുക, സ്‌കൂൾ കെട്ടിടത്തിന്റെ ഓട് പൊട്ടിക്കുക തുടങ്ങി നിരവധി അക്രമങ്ങൾ സ്‌കൂളിന് നേരെ നടന്നുവന്നിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.
എല്ലാതവണയും പൊലീസിൽ പരാതി നൽകാറുണ്ടെങ്കിലും നിസാരവത്കരിച്ച് കേസെടുക്കാതെ ഇരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. മഴയ്ക്ക് മുമ്പ് ഹൈസ്‌കൂളിലെ പൂന്തോട്ടത്തിന് നേരെയും തീവെപ്പുണ്ടായിരുന്നു. അന്നും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണെമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടർച്ചയായി അക്രമം നടക്കുന്ന സാഹചര്യത്തിൽ സ്‌കൂളിൽ സിസിടിവി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ അധികൃതരും മാനജ്‌മെന്റും പിടിഎ കമിറ്റിയും.