Student Attack | വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആക്രമണ മനോഭാവത്തിന്റെ ഇരയായി കാസർകോട്ട് നിന്നൊരു ഒമ്പതാം ക്ലാസുകാരൻ; 'പത്താം ക്ലാസ് വിദ്യാർഥികളിൽ നിന്ന് ഏൽക്കേണ്ടി വന്നത് ക്രൂരമർദനം'

● 'വിദ്യാർത്ഥിയെ വയറ്റിൽ കത്തികയറ്റുമെന്ന് ഭീഷണിപ്പെടുത്തി'
● 'വിദ്യാർത്ഥിക്ക് വാർഷിക പരീക്ഷ എഴുതാൻ സാധിച്ചില്ല'
● 'ജ്യേഷ്ഠനെ മർദിച്ചതിനെ ചോദ്യം ചെയ്തതിനാണ് മർദിച്ചത്'
കാഞ്ഞങ്ങാട്: (KasargodVartha) വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആക്രമണ മനോഭാവത്തിന്റെ ഇരയായി കാസർകോട്ട് നിന്നൊരു ഒമ്പതാം ക്ലാസുകാരൻ. ഫുട്ബോൾ കളി കാണാനെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനമാണ് ഏൽക്കേണ്ടി വന്നത്. വിദ്യാർഥിയുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്കൂളിൽ പഠിക്കുന്ന പള്ളിക്കര തെക്കേക്കുന്നിലെ വിശാഖ് കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.
ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ രണ്ടു പേരും സമീപത്തെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും ചേർന്നാണ് വിശാഖിനെ മർദിച്ചതെന്നാണ് പരാതി. ഫെബ്രുവരി 23നാണ് സംഭവം നടന്നത്. വിശാഖിന്റെ ജ്യേഷ്ഠൻ, ഇതേ സ്കൂളിൽ പത്തിൽ പഠിക്കുന്ന പൃഥ്വിയെ സമീപത്തെ സ്കൂളിലെ വിദ്യാർഥികൾ മർദിച്ചിരുന്നതായും ഇത് ചോദ്യം ചെയ്തതിനാണ് വിശാഖിനെ മർദിച്ചതെന്നും വിശാഖിന്റെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു.
വിശാഖിനെ മുഖത്തടിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തശേഷം ആറടിയോളം ആഴമുള്ള കുഴിയിലേക്ക് തള്ളിയിട്ടുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീഴ്ചയിൽ വലതുകാലിന്റെ എല്ലൊടിഞ്ഞെന്നും വയറ്റിൽ കത്തികയറ്റുമെന്ന് ഒരു വിദ്യാർഥി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വിശാഖ് കരയുന്നത് കേട്ട പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിശാഖിനെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ആക്ഷേപമുണ്ട്.
മാതാപിതാക്കൾ എത്തിയാണ് വിശാഖിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് മംഗ്ളൂറു ദേർലകട്ടെയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കാലിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ വിശാഖ് കഴിഞ്ഞദിവസം വീട്ടിലെത്തി. പരുക്കിനെത്തുടർന്ന് വാർഷിക പരീക്ഷയെഴുതാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് വിശാഖ്. ഹൊസ്ദുർഗ് പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തു. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കേരളത്തിൽ വിദ്യാർഥികൾക്കിടയിൽ ആക്രമണ പ്രവണത വർധിച്ചുവരുന്നതായി സമീപകാല വാർത്തകളും റിപോർടുകളും സൂചിപ്പിക്കുന്നു. കുടുംബ പ്രശ്നങ്ങൾ, സാമൂഹിക സമ്മർദങ്ങൾ, ലഹരി ഉപയോഗം എന്നിവയെല്ലാം വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോഴിക്കോട്ടെ മുഹമ്മദ് ഷഹബാസിന്റെ മരണം ചർച്ചയാകുമ്പോഴാണ് കാസർകോട്ട് നിന്നും സമാന സംഭവം പുറത്തുവരുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
9th grade student attacked by senior students in Kasaragod, leg fractured. Attack stemmed from a previous altercation involving the student's brother.
#StudentAttack, #Kasaragod, #SeniorBullying, #ViolenceTrend, #SchoolViolence, #StudentSafety