Seizure | ക്വാർടേഴ്സിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 4 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍
● മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സവാദാണ് അറസ്റ്റിലായത്.
● ഡാൻസാഫ് സംഘവും ടൗൺ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
● രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്
കാസര്‍കോട്: (KasargodVartha) ക്വാർടേഴ്സിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ യുവാവ് അറസ്റ്റിലായി. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ തളങ്കര കെ കെ പുറത്തെ ക്വാർടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് 4.050 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ കെ സവാദിനെ (39) യാണ് കാസര്‍കോട് ടൗണ്‍ പ്രിന്‍സിപല്‍ എസ്‌ഐ എംപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡിവൈ എസ് പി സി കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ടൗണ്‍ എസ്ഐയും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിടപ്പ് മുറിയിലെ അലമാരയിൽ വിൽപനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച നാലു കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്.
പുതുവത്സര ആഘോഷത്തിന് ലഹരി പകരാനായാണ് കഞ്ചാവ് എത്തിച്ച് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തളങ്കര ഭാഗത്തെ പ്രധാന കഞ്ചാവ് വിൽപനക്കാരനാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.
#Kasaragod #GanjaSeizure #DrugBust #KeralaPolice #CrimeNews #Drugs